ന്യൂഡൽഹി: വ്യാജ അവകാശവാദവുമായി ബന്ധപ്പെട്ട് ഫെയർനസ് ക്രീമിന് 15 ലക്ഷം രൂപ പിഴ വിധിച്ച് ഡൽഹിയിലെ ജില്ലാ ഉപഭോക്തൃ ഫോറം. ഇമാമി ലിമിറ്റഡിനാണ് പിഴ ചുമത്തിയത്. ഫെയർ ആൻഡ് ഹാൻഡ്‌സം ക്രീമുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.
2013ൽ പത്രത്തിലെ പരസ്യം കണ്ടാണ് 79 രൂപ നൽകി ക്രീം വാങ്ങിയതെന്ന് പരാതിൽ പറയുന്നു. പരസ്യത്തിൽ പറയുന്ന അതേപടി മൂന്നാഴ്ച ഉപയോഗിച്ചിട്ടും ചർമ്മത്തിന്റെ നിറത്തിലും ആരോഗ്യത്തിലും യാതൊരും മാറ്റവും വന്നില്ല. പേക്കജിലും ലേബലിലും മുഖസൗന്ദര്യം വർദ്ധിപ്പാക്കാൻ ദിവസവും രണ്ട് തവണ പുരട്ടണമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അതുപോലെ ചെയ്തിട്ടും ഗുണമുണ്ടായില്ലെന്നും പരാതിക്കാൻ ചൂണ്ടിക്കാട്ടി.
നിർദ്ദേശിച്ച പ്രകാരം ക്രീം ഉപയോഗിച്ചെന്ന് തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ക്രീമിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും കമ്പനി വാദിച്ചു. ക്രീമിന്റെ ശരിയായ ഉപയോഗം, പോഷകാഹാരം, വ്യായാമം, ആരോഗ്യകരമായ ശീലങ്ങൾ, തുടങ്ങി നിരവധി ഘടകങ്ങൾ കൂടിച്ചേർന്നാലെ സൗന്ദര്യം വർദ്ധിക്കൂവെന്നും ഇമാമി ലിമിറ്റഡ് ഫോറത്തിന് മുൻപാകെ പറഞ്ഞു. ഇത് നിരാകരിച്ച ഫോറം പാക്കേജിംഗിലും ലേബലിംഗിലും അത്തരം വ്യവസ്ഥകൾ പരാമർശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ 2013 ലെ പരാതി ആയതിനാൽ പത്രങ്ങളിൽ തിരുത്തൽ പരസ്യം ആവശ്യമില്ലെന്നും ഫോറം വ്യക്തമാക്കി.