റായ്പൂർ: മാവോയിസ്റ്റിനെ വകവരുത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ബിജാപൂരിലാണ് സംഭവം. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഗാംഗ്ലൂരിലെ മുംഗ ഗ്രാമത്തിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് നക്സലിനെ വകവരുത്തിയത്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യത്തെ തുടർന്നാണ് തെരച്ചിലിനിറങ്ങിയതെന്ന് ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് അറിയിച്ചു. പട്രോളിംഗ് സംഘം പ്രദേശം വളയാൻ ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇയാളിൽ നിന്ന് 9 എംഎം പിസ്റ്റൾ, ഐഇഡി. ഐഇഡികൾ പ്രവർത്തനക്ഷമമാക്കാൻ ഉപയോഗിക്കുന്ന ആറ് റിമോട്ട് സ്വിച്ചുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ കണ്ടെടുത്തു. വധിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇതിനിടയിൽ പൊലീസിന് വിവരങ്ങൾ കൈമാറിയെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകനെ നക്സലുകൾ കൊലപ്പെടുത്തിയിരുന്നു. കുടിയം മാഡോ എന്നയാളാണ് കൊല്ലപ്പെട്ടത്. വീട്ടിലെത്തി വിളിച്ചിറക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.















