കളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹഘോഷത്തിൽ താരമായി ജയറാം. നവവധു തരിണിയുടെ സ്വദേശമായ ചെന്നൈയിലാണ് വിവാഹത്തിന് ശേഷമുള്ള റിസപ്ഷൻ പരിപാടികൾ നടന്നത്. ആഘോഷത്തിൽ മകൻ കാളിദാസിനോടും മരുമകൾ തരിണിയോടൊപ്പവും നൃത്തം ചെയ്യുന്ന ജയറാമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്.
വിവാഹത്തിന് മുമ്പാണ് പൊതുവെ എല്ലാവരും മെഹന്ദി, ഹൽദി ആഘോഷങ്ങൾ നടത്തുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി വിവാഹത്തിന് ശേഷമായിരുന്നു കാളിദാസ്-തരിണി ദമ്പതികളുടെ മെഹന്ദി, ഹൽദി ആഘോഷങ്ങൾ. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി ചെന്നൈയിൽ ഗ്രാന്റ് റിസപ്ഷൻ സംഘടിപ്പിക്കുമെന്ന് കുടുംബം നേരത്തെ അറിയിച്ചിരുന്നു.
പഞ്ചാബി സ്റ്റൈലിൽ പാട്ടും ഡാൻസുമായി വ്യത്യസ്ത രീതിയിലായിരുന്നു ആഘോഷം. ഇന്നലെയായിരുന്നു ജയറാമിന്റെ പിറന്നാൾ. വിവാഹഘോഷത്തിനൊപ്പം പിറന്നാളാഘോഷവും നടന്നു. എല്ലാവരുടെയും സാന്നിധ്യത്തിൽ കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു വിവാഹാഘോഷങ്ങൾക്ക് തുടക്കമിട്ടത്.
കഴിഞ്ഞ എട്ടാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് തരിണി ഭർതൃവീട്ടിലേക്ക് കയറുന്ന വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാകുന്നുണ്ട്. സെറ്റുസാരിയുടുത്ത് മലയാളി പെൺകുട്ടിയായാണ് തരിണി ചടങ്ങിനെത്തിയത്. പടിവാതിൽക്കലിലെ മണിയടിച്ച് നിലവിളക്ക് പിടിച്ച്, സ്വർണ തളികയിൽ വലതുകാൽ വച്ചാണ് തരിണി ഭർതൃവീട്ടിലേക്ക് കയറിയത്.















