ബാങ്കോക്ക്: ജനുവരി 1 മുതൽ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കായി ഇ-വിസ സൗകര്യം നടപ്പിലാക്കുമെന്ന് ന്യൂഡൽഹിയിലെ തായ്‌ലൻഡ് എംബസി. ഓഫ്‌ലൈൻ പേയ്‌മെൻ്റ് രീതിയിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് എംബസിയുടെ പ്രസ്താവനയിൽ പറയുന്നു. അതേസമയം വിനോദ സഞ്ചാരത്തിനും ഹ്രസ്വകാല ബിസിനസ് ആവശ്യങ്ങൾക്കുമായി അനുവദിച്ചിരിക്കുന്ന 60 ദിവസത്തെ വിസ ഇളവ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരുമെന്നും എംബസി അറിയിച്ചു.
അപേക്ഷകർക്ക് വിസ ഫീസ് അടയ്‌ക്കുന്നതിനായി ബന്ധപ്പെട്ട എംബസിയും കോൺസുലേറ്റ്-ജനറലുകളും ഓഫ്‌ലൈൻ പേയ്‌മെൻ്റ് ഓപ്ഷനുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകും. എന്നാൽ വിസ ഫീസ് ഒരു കാരണവശാലും തിരികെ ലഭ്യമാകില്ലെന്നും (റീഫണ്ട് ) എംബസി വ്യക്തമാക്കി. സാധാരണ പാസ്‌പോർട്ട് അപേക്ഷകൾ 2024 ഡിസംബർ 16 വരെ സ്വീകരിക്കും. നയതന്ത്ര, ഔദ്യോഗിക പാസ്‌പോർട്ട് അപേക്ഷകൾ 2024 ഡിസംബർ 24 വരെ സ്വീകരിക്കും. ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ സൗകര്യം തായ്‌ലൻഡ് നേരത്തെ തന്നെ നടപ്പാക്കിയിട്ടുണ്ട്.
ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രധാന വിദേശ കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, കോ സമുയി എന്നിവ സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന സ്ഥലങ്ങളാണ്. ഇന്ത്യൻ വെഡ്ഡിംഗ് പ്ലാനർമാർക്കും ഹണിമൂൺ ടൂറിസം ഓപ്പറേറ്റർമാർക്കും ഈ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യം ജനപ്രിയമാണ്.















