മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയതാണ് തന്റെ ജീവിതത്തിലെ വഴിത്തിരിവെന്ന് നടി ഹണി റോസ്. പത്തം ക്ലാസ് കഴിഞ്ഞയുടനെയാണ് ബോയ്ഫ്രണ്ടിൽ അഭിനയിച്ചതെന്നും ഹണി റോസ് പറഞ്ഞു. താരസംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലിൽ നടൻ ബാബുരാജുമായി നടത്തിയ അഭിമുഖത്തിലാണ് ഹണി റോസ് മനസുതുറന്നത്.
“15-ാമത്തെ വയസിലാണ് ഞാൻ സിനിമയിലേക്ക് വന്നത്. ബോയ്ഫ്രണ്ടായിരുന്നു ആദ്യ സിനിമ. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴ മൂലമറ്റത്താണ് നടന്നത്. ഞങ്ങൾ അന്ന് ഷൂട്ടിംഗ് കാണാൻ അവിടെ പോയിരുന്നു. അന്ന് ആ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ, സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ എന്ന് എന്നോട് ചോദിച്ചു. കാണാൻ ഭംഗിയുണ്ടല്ലോയെന്നും പറഞ്ഞു. പക്ഷേ അന്നെനിക്ക് ഏഴ് വയസായിരുന്നു. വിനയൻ സാറിനെ കണ്ടപ്പോൾ പ്ലസ് ടൂ ഒക്കെ കഴിയട്ടെ, എന്നിട്ട് നോക്കാം എന്ന് പറഞ്ഞു. പക്ഷേ, ഒരു നിമിത്തം പോലെ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ബോയ്ഫ്രണ്ടിൽ അഭിനയിക്കാൻ അദ്ദേഹം എന്നെ വിളിച്ചു. കുറച്ച് ബുദ്ധിമുട്ടിയാണ് ആ സിനിമ ചെയ്തത്”.
“സിനിമയിലേക്ക് വന്ന ആ സമയത്ത് തന്നെ ഞാൻ ഉദ്ഘാടനങ്ങൾ ചെയ്യാറുണ്ട്. പക്ഷേ, ഇപ്പോഴാണ് ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിന്റെ പ്രധാന കാരണം ഓൺലൈൻ ചാനലുകളാണ്. പണ്ടൊന്നും ഉദ്ഘാടനം കവർ ചെയ്യാനൊന്നും ആരും വരാറില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരു ദിവസം രണ്ടും മൂന്നും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.
എന്റെ വീഡിയോകൾക്ക് താഴെ വരുന്ന മോശം കമന്റുകൾ ഞാൻ ശ്രദ്ധിക്കാറില്ല. ആളുകൾ അവരുടെ ചിന്താഗതിക്കനുസരിച്ചാണ് പറയുന്നത്. അതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല. ആരും നേരിട്ട് വന്ന് എന്നോടൊന്നും പറയുന്നില്ല. അതുകൊണ്ട് തന്നെ സോഷ്യൽമീഡിയിലൂടെ വരുന്ന കമന്റുകളൊന്നും നോക്കാറില്ല. അവർ അങ്ങനെ പറഞ്ഞു എന്നൊക്കെ വിചാരിച്ച് ഇരുന്നാൽ പിന്നെ ഒരു മനസമ്മാധാനവും കിട്ടില്ലെന്നും” ഹണി റോസ് പറഞ്ഞു.















