ന്യൂഡൽഹി: കുട്ടികളിൽ ശാസ്ത്ര മനസ് വളർത്തിയെടുക്കാൻ ലക്ഷ്യമിട്ടാണ് പുതിയ വിദ്യാഭ്യാസ നയം അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം പരിഷ്‌കാരങ്ങളിലൂടെ യുവാക്കളുടെ മുൻപിലുളള തടസങ്ങൾ നീക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് ആയിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെയിൽ ഇന്നൊവേറ്റേഴ്‌സുമായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുമ്പോൾ അതിന്റെ അവകാശി താനാണെന്ന ചിന്ത ഇന്നത്തെ യുവാക്കളിൽ വളർന്നുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവിടുത്തെ ഇന്നൊവേറ്റീവ് ആയ യുവതയും സാങ്കേതിക ശക്തിയുമാണ് നമ്മുടെ കരുത്തെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ഭാവി, ഇന്നൊവേഷനിലും അറിവിലും കേന്ദ്രീകരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഡിസംബർ 11 മുതലാണ് രാജ്യത്തെ 51 നോഡൽ സെന്ററുകളിലായി സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന് തുടക്കമായത്. ഡിസംബർ 15 വരെ തുടരും. 36 മണിക്കൂർ നോൺ സ്‌റ്റോപ്പ് സോഫ്റ്റ് വെയർ എഡിഷൻ ഉൾപ്പെടെ ഹാക്കത്തോണിന്റെ പ്രത്യേകതയാണ്.
വിവിധ മന്ത്രാലയങ്ങൾ അംഗീകരിച്ച ദേശീയ താൽപര്യമുളള വിഷയങ്ങളിലാണ് വിദ്യാർത്ഥികൾക്ക് പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അവസരം ലഭിക്കുന്നത്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പൈതൃകവും സംസ്‌കാരവും, സ്മാർട്ട് ടെക്‌നോളജീസ്, സപ്ലൈ ചെയിൻ, ലൊജിസ്റ്റിക്‌സ്, നൈപുണ്യ വികസനം, കൃഷി, ഭക്ഷണം, എമേർജിങ് ടെക്‌നോളജീസ് തുടങ്ങി 17 മേഖലകളിൽ ഇന്നൊവേഷൻസ് അവതരിപ്പിക്കാനാണ് അവസരം. 86000 ത്തിൽ പരം ടീമുകളാണ് സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിന്റെ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ മാറ്റുരച്ചത്.