ജയ്പൂർ: ഇന്ത്യയുടെ പുരോഗതി കണ്ട് അസൂയപ്പെടുന്നവരും അതിനെ അംഗീകരിക്കാൻ മടിയുള്ള ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ടെന്ന മുന്നറിയിപ്പ് നൽകി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇന്ത്യയുടെ പുരോഗതി ‘ദഹിക്കാത്ത’ ചില ശക്തികൾ രാജ്യത്തിനകത്തും പുറത്തുമുണ്ട്. ഇന്ത്യയെ ഭിന്നിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിക്കാനും ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനുമാണ് അവരുടെ ലക്ഷ്യമെന്നും ഉപരാഷ്‌ട്രപതി തുറന്നടിച്ചു. ഇത്തരം ദേശവിരുദ്ധത പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അതിനായി എല്ലാവരും ഒത്തുച്ചേരണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ശിഥിലമാക്കാനും വിഭജിക്കാനും ആസൂത്രിതമായ ശ്രമമങ്ങൾ നടക്കുന്നു. രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവയെ വച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യ ഉയരുകയാണെന്നും ആ ഉയർച്ചയെയും വളർച്ചയെയും ആർക്കും തടയാനാവില്ലെന്നും സാധ്യതകളുടെ ലോകം തുറക്കപ്പെട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ ജയ്പൂരിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.
കഴിഞ്ഞ ദിവസം രാജ്യസഭാ ചെയർമാൻ കൂടിയ ജഗ്ദീപ് ധൻകറിനെതിരെ പ്രതിപക്ഷ്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരുന്നു. പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ അദ്ധ്യക്ഷനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ജഗ്ദീപ് ധൻകറിന്റെ പരാമർശം.















