തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ചോർന്നൊലിക്കുന്ന ബലിമണ്ഡലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നിർദ്ദേശം. തിരുവനന്തപുരം സബ് സർക്കിൾ ഓഫീസ് അധികൃതർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റർക്ക് കത്ത് നൽകി.
സംസ്ഥാനത്തിന് പുറത്തുള്ള കരാറുകരനാണ് നിർമാണ ചുമതല. ക്ഷേത്രത്തിലെ കൊടിമരത്തിന്റെയും ഗണപതി ക്ഷേത്രത്തിന്റെയും സമീപത്തുള്ള രണ്ട് കൽമണ്ഡപങ്ങളുടെ മേൽക്കൂരകളുടെ വിടവുകളിലെ ചോർച്ച അടയ്‌ക്കുക, കൽമണ്ഡപത്തിലെ തകർന്നുപോയ വാതിലും ജനാലയും പുനഃസ്ഥാപിക്കുക, തിടപ്പള്ളിയിലെ അറ്റകുറ്റപ്പണികൾ നടത്തുക, ക്ഷേത്രവളപ്പിലെ ഓട എന്നിവയടക്കമുള്ള നിർമാണങ്ങളാകും നടത്തുക. ക്ഷേത്രത്തിലെ തർപ്പണ ചടങ്ങുകൾക്ക് ശേഷമാകും നിർമാണം നടത്തുക. തിരുവനന്തപുരം സർക്കിൾ ഓഫീസ് അധികൃതരുടെ നേതൃത്വത്തിലാണ് നിർമാണങ്ങൾ നടത്തുക.
കേരളത്തിലെ ഒരേയൊരു പരശുരാമക്ഷേത്രമാണ് തിരുവല്ലം ക്ഷേത്രം. യോദ്ധാവായ പരശുരാമന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത്. 2000 വർഷം പഴക്കമുള്ള ഈ ക്ഷേത്രം കരമന നദിയുടെ മനോഹരമായ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്ന വില്വമംഗലം സ്വാമിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് ഐതിഹ്യം.
എല്ലാ ദിവസവും ബലിതർപ്പണത്തിനുള്ള സൗകര്യമാണ് ഇവിടുത്തെ പ്രത്യേകത. ആയിരക്കണക്കിന് ഭക്തരാണ് ഇവിടെ തർപ്പണത്തിനായി എത്തുന്നത്. അമ്മക്ക് പുനർജ്ജന്മം നേടിക്കൊടുത്ത ഭഗവാൻ പരശുരാമന്റെ സന്നിധിയിൽ ബലിയർപ്പിച്ചാൽ പരേതാത്മാവിന് മോക്ഷം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തരെ ഇവിടേക്ക് ആകർഷിക്കുന്നത്.
പരശുരാമ പ്രതിഷ്ഠ കൂടാതെ ശിവനും തുല്യപ്രാധാന്യത്തോടെ ഇവിടെ കുടികൊള്ളുന്നുണ്ട്. ശിവപ്രതിഷ്ഠയ്‌ക്ക് കിഴക്കോട്ടും പരശുരാമന് വടക്കോട്ടുമാണ് ദർശനം. മത്സ്യമൂർത്തി, ശ്രീകൃഷ്ണൻ, ഗണപതി, വേദവ്യാസൻ, ബ്രഹ്മാവ്, സുബ്രഹ്മണ്യൻ എന്നീ ഉപദേവന്മാരും ഇവിടെ പ്രതിഷ്ഠയുണ്ട്.















