മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിയുടെ പിറന്നാൾ ദിനത്തിൽ ഇലയിൽ സദ്യ നൽകാൻ തീരുമാനം. ഭക്തരുടെ പ്രതിഷേധങ്ങൾക്ക് പിന്നലെയാണ് തീരുമാനം. ജനം ടിവി വാർത്തയ്‌ക്ക് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു.
വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിനത്തിലാണ് കാടമ്പുഴ ഭഗവതിയുടെ പിറന്നാൾ സദ്യ. ഇലയിൽ വിളമ്പുന്ന സദ്യ ബുഫെ രീതിയിൽ നൽകാനായിരുന്നു മലബാർ ദേവസ്വം ബോർഡിന്റെ നീക്കം. പതിറ്റാണ്ടുകളായി നടക്കുന്ന ചടങ്ങിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഇതിന് പിന്നാലെ ജനം ടിവി വാർത്ത പുറത്തു കൊണ്ടുവന്നിരുന്നു. ഭക്തജന കൂട്ടായ്മയുടെയും ഹൈന്ദവ സംഘടനകളുടെയും ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിലാണ് ദേവസ്വം ബോർഡ് തീരുമാനം പിൻവലിച്ചത്. സംഭവത്തിൽ വിശ്വാസികൾ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു.















