തിരുവനന്തപുരം: തെക്കൻ ജില്ലകളിലും മധ്യ കേരളത്തിലും കനത്ത മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴമുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഒറ്റപ്പെട്ടതും ശക്തികൂടിയതുമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.
മാന്നാർ കടലിടുക്കിന് മുകളിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്‌നാട് തീരത്തേക്ക് നീങ്ങുകയും ശക്തി കുറയുകയും ചെയ്യും. ഇതിന്റെ ഫലമായി സംസ്ഥാനവ്യാപകമായി മഴലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
പാലക്കാട്, മലപ്പുറം,വയനാട്,കോഴിക്കോട് ജില്ലകൾക്ക് യെല്ലോ അലർട്ട് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയമഴയ്‌ക്ക് സാധ്യതയുണ്ട്. തെക്കൻകേരളത്തിലെയും മധ്യകേരളത്തിലെയും മലയോര പ്രദേശങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.