ഇതാണോ ഭാരതം?  ചോദ്യപേപ്പറില്‍  വികലമായ ഭൂപടവുമായി വിദ്യാഭ്യാസ വകുപ്പ്; നടപടി വേണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്

Published by
Janam Web Desk

കോഴിക്കോട്: ഭാരതത്തിന്റെ ഭൂപടം വികലമാക്കി വിദ്യാഭ്യാസ വകുപ്പ്. ഒമ്പതാം ക്ലാസിന്റെ അര്‍ദ്ധവാര്‍ഷിക പരീക്ഷയിൽ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിലാണ് വികലമായ ഭൂപടം ഉപയോ​ഗിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഔദ്യോഗിക ഭൂപടം മാത്രമേ ഉപയോ​ഗിക്കാവൂ എന്ന ചട്ടം നിലവിലുണ്ട്. ഇത് ലംഘിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഭൂപടത്തിൽ ഭാരതത്തിന് തല ഭാഗമില്ല. ജമ്മുകശ്മീരും ലഡാക്കും ഇല്ല. നാ​ഗാലാൻഡും അസാമും മുറിച്ച് മാറ്റപ്പെട്ട സ്ഥിതിയിലാണ്. അരുണാചൽ പ്രദേശിന്റെ ചിലഭാ​ഗങ്ങളും കാണാനില്ല. രാജ്യവിരുദ്ധ ശക്തികളായ ചൈനയും പാകിസ്താനും അടക്കമുള്ളവര്‍ പ്രചരിപ്പിക്കുന്ന തരത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഭൂപടം.

ഭൂപടം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ചട്ടം രാജ്യത്ത് നിലവിലുണ്ട്.  ഭൂപടങ്ങൾ വികലമായി ചിത്രീകരിക്കുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഭൂപടങ്ങൾ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നാണ് നിയമം. പൂർണ്ണ ഭൂപടം കൃത്യമായ അതിർത്തികളോടെ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും നിബന്ധനയുണ്ട്. ചോദ്യപേപ്പറിനും ഈ നിയമം ബാധകമാണ്.

ഉത്തരവാദികൾക്കെതിരെ രാജ്യദ്രേഹ കുറ്റത്തിന് കേസെടുക്കണമെന്ന്  ദേശീയ അദ്ധ്യാപക പരിഷത്ത് ആവശ്യപ്പെട്ടു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയാറാക്കുന്ന ചോദ്യപ്പേപ്പറുകളിലും പാഠപുസ്തകങ്ങളിലും ഇത്തരത്തില്‍ രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നത് പ്രത്യേക ഗൂഢതാല്‍പര്യ പ്രകാരമാണ്. ഇത്തരം രാഷ്‌ട്രവിരുദ്ധ നടപടികള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂപടത്തെക്കുറിച്ച് തെറ്റായ ധാരണകള്‍ വളര്‍ത്താനേ ഉപകരിക്കൂവെന്നും ദേശീയ അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡ‍ന്റ് പി. എസ് ​ഗോപകുമാർ പറഞ്ഞു.

Share
Leave a Comment