തൃശൂർ: ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച് സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു. ഒഡിൽ സ്വദേശികളായ ഗുല്ലി- ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആശ വർക്കർ നിർദ്ദേശിച്ചിട്ടും യുവതി ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചെന്നെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിൽ വച്ച് പ്രസവം നടന്നു. ശാന്തി തന്നെയാണ് കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ച് മാറ്റിയത്. അമിത രക്തസ്രാവത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം.
സംഭവം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാന്തി ഗർഭിണിയായിരുന്ന വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും ചികിത്സ തേടാൻ ഉപദേശിച്ചിരുന്നതായും ആശ വർക്കർ പറഞ്ഞു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന് ജീവനില്ലെന്ന് സ്ഥിരീകരിച്ചത്.















