പാക്കറ്റ്, ജങ്ക് ഫുഡുകൾ ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്ന് എല്ലാവർക്കുമറിയാം. രോഗങ്ങൾ അകറ്റി നിർത്താൻ വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധരടക്കം പറയുന്നത്. എന്നാൽ വീട്ടിലെ അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണവും സുരക്ഷിതമല്ലെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എണ്ണകളിലാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. ഇവ യുവാക്കളിലെ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ‘ഗട്ട്’ എന്ന യുഎസ് ആരോഗ്യ മാസിക പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആരോഗ്യകരമെന്ന് കരുതി ഉപയോഗിക്കുന്ന സൂര്യകാന്തി, മുന്തിരി, കനോല, ചോളം തുടങ്ങിയവയുടെ വിത്തിൽ നിന്നെടുക്കുന്ന എണ്ണകളുടെ അമിത ഉപഭോഗം കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കോളൻ ക്യാൻസർ ബാധിച്ച 80 രോഗികളിലാണ് പഠനം നടത്തിയത്. സീഡ് ഓയിൽ വിഘടിച്ച് രൂപം കൊള്ളുന്ന ബയോ ആക്റ്റീവ് ലിപിഡുകൾ ഇവരിൽ ഉയർന്ന അളവിൽ കണ്ടെത്തി. ഇവ വൻകുടലിലെ അർബുദം വേഗത്തിൽ വ്യാപിക്കുന്നതിനിടയാക്കും.
സീഡ് ഓയിൽ മിക്കവരും വെളിച്ചെണ്ണയ്‌ക്ക് ബദലായി ഉപയോഗിക്കുന്നവയാണ്. എന്നാൽ 1900-കളുടെ തുടക്കത്തിൽ, മെഴുകുതിരി നിർമ്മിച്ച വില്യം പ്രോക്ടർ സോപ്പിലെ മൃഗങ്ങളുടെ കൊഴുപ്പിന് പകരം കണ്ടുപിടിച്ചതാണ് വിലകുറഞ്ഞ സീഡ് ഓയിലുകൾ. ഇത് പതിയെ ഭക്ഷണം പാകം ചെയ്യാനും ഉപയോഗിച്ച് തുടങ്ങി. ഈ എണ്ണകൾ ഉപയോഗിക്കുന്നവരിൽ കാൻസറിന് കാരണമാകുന്ന ട്യൂമറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.















