ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ 6, 670 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. മഹാകുംഭമേള 2025 -ന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഉത്തർപ്രദേശിലെത്തുന്നത്.
പ്രയാഗ്‌രാജിലെത്തുന്ന പ്രധാനമന്ത്രി ഹനുമാൻ മന്ദിരത്തിലും സരസ്വതി കൂപിലും ദർശനം നടത്തുകയും പ്രത്യേക പൂജകളിൽ പങ്കെടുക്കുകയും ചെയ്യും. ഇതിന് ശേഷമായിരിക്കും ഉദ്ഘാടന പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്ന വേദിയിലേക്ക് എത്തുക. നിരവധി വികസന പദ്ധതികൾക്ക് അദ്ദേഹം തറക്കല്ലിടും.
പത്ത് പുതിയ റോഡ് ഓവർ ബ്രിഡ്ജുകൾ, ഫ്ലൈഓവറുകൾ, നദീതീര റോഡുകൾ എന്നിവ ഉൾപ്പെടെ വിവിധ അടിസ്ഥാനസൗകര്യ വികസനങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും. പ്രയാഗ്‌രാജിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളുടെ യാത്രസൗകര്യങ്ങളും കണക്കിലെടുത്താണ് പുതിയ പദ്ധതികൾ കൊണ്ടുവരുന്നത്.
ഗംഗാനദി സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രധാനപ്പെട്ട ക്ഷേത്ര ഇടനാഴികളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഇത് ഭക്തരുടെ ക്ഷേത്ര ദർശനം എളുപ്പമാക്കുകയും വിനോദസഞ്ചാര മേഖലയ്‌ക്ക് സഹായകമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ.