ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം കൂലിയുടെ പ്രമോ ഗാനം പുറത്തിറങ്ങി. തലൈവരുടെ 74-ാം പിറന്നാളിനോടനുബന്ധിച്ചാണ് പ്രമോ ഗാനം റിലീസ് ചെയ്തത്. ’ചികിടു വൈബ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചുകഴിഞ്ഞു. നിമിഷങ്ങൾക്കകം തന്നെ ഗാനം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ആൾക്കുട്ടത്തിന് നടുവിൽ ഉഗ്രൻ നൃത്തച്ചുവടുകളുമായി എത്തുന്ന രജനികാന്തിനെ വീഡിയോയിൽ കാണുന്നത്. പ്രതീക്ഷകളോടൊപ്പം ആകാംക്ഷയും ഇരട്ടിയാക്കുന്നതാണ് പുറത്തെത്തിയ പ്രമോ ഗാനം. നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച അനിരുദ്ധ് രവിചന്ദറാണ് കൂലിയുടെ ഗാനങ്ങൾ ഒരുക്കുന്നത്. അറിവാണ് ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ടി രാജേന്ദർ, അറിവ്, അനിരുദ്ധ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്.
വിജയ് നായകനായ ഹിറ്റ് ചിത്രം ലിയോയ്‌ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ മറ്റൊരു ഹിറ്റ് പ്രതീക്ഷിച്ചാണ് ആരാധകരുടെ കാത്തിരിപ്പ്. ആക്ഷൻ ത്രില്ലർ സിനിമയായാണ് കൂലി ഒരുങ്ങുന്നത്. ശ്രുതി ഹാസൻ, സത്യരാജ്, സൗബിൻ ഷാഹിർ തുടങ്ങിയ താരങ്ങളും കൂലിയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.















