ഡെറാഡൂൺ: ആഗോള ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്താൻ ആയുർവേദത്തെ പ്രാപ്തമാക്കാൻ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്താമത് ലോക ആയുർവേദ കോൺഗ്രസ് വെർച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുർവേദത്തെ ലോകനിലവാരത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിരേഖ തയാറാക്കാൻ പ്രധാനമന്ത്രി ആയുർവേദ കോൺഗ്രസിനോട് ആഹ്വാനം ചെയ്തു.
വിജ്ഞാൻ ഭാരതിയും ഉത്തരാഖണ്ഡ് സർക്കാരും സംയുക്തമായാണ് ആയുർവേദ കോൺഗ്രസ് സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ മുക്കിലും മൂലയിലും ആയുർവേദ ചികിത്സാ സൗകര്യം എത്തിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ആയുർവേദ-ഔഷധസസ്യ ഉത്പാദകരുടെ സഹകരണത്തോടെ ഈ ചികിത്സാ മേഖലയെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കും. പത്ത് മുതൽ അമ്പത് വരെ കിടക്കകളുള്ള 300 ആയുർവേദ ആശുപത്രികളാണ് ഉത്തരാഖണ്ഡ് സർക്കാർ സ്ഥാപിക്കാനൊരുങ്ങുന്നത് ധാമി പറഞ്ഞു.
രാജ്യത്തെ എല്ലാ നഗരങ്ങളിലും ആയുഷ് മരുന്നുകൾ മാത്രം ലഭിക്കുന്ന മെഡിക്കൽ ഷോപ്പുകൾ തുറക്കുമെന്ന് കേന്ദ്ര ആയുഷ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവ് പറഞ്ഞു. ലോകത്തെ ചികിത്സാരംഗത്തെ പൊതുധാരയിൽ സജീവമാകും വിധം ആയുർവേദം മുന്നേറ്റം നടത്തിയിട്ടുണ്ടെന്ന് ലോക ആരോഗ്യ കോൺഗ്രസ് സംഘാടക സമിതി ചെയർമാൻ ഡോ.പി.എം വാര്യർ ചൂണ്ടിക്കാട്ടി.
ആയുർവേദ കോൺഗ്രസിൽ ഒന്നരലക്ഷത്തോളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. 350 ലധികം സ്റ്റാളുകളാണ് ഒരുക്കിയിട്ടുളളത്.