ന്യൂഡൽഹി: രാജ്യം തദ്ദേശീയമായി വികസിപ്പിച്ച ഇന്ത്യൻ ലൈറ്റ് ടാങ്കിന്റെ (ILT) പരീക്ഷണ ഫയറിംഗ് വിജയകരം. ടാങ്കിന് 4,200 മീറ്ററിലധികം ഉയരത്തിൽ വിവിധ റേഞ്ചുകളിൽ സ്ഥിരതയോടെയും കൃത്യതയോടെയും നിരവധി റൗണ്ടുകൾ വെടിയുതിർക്കാൻ കഴിഞ്ഞതായി പ്രതിരോധമന്ത്രാലയം അറിയിച്ചു. ചൈനയുമായുള്ള അതിർത്തിയിൽ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായാണ് 25 ടൺ ഭാരമുള്ള ഇന്ത്യൻ ലൈറ്റ് ടാങ്ക് വികസിപ്പിച്ചത്.
ഉയർന്ന പ്രദേശങ്ങളിലെ പ്രതിരോധം ശക്തമാക്കുന്നതിന് രൂപകൽപന ചെയ്തിരിക്കുന്ന ടാങ്കിന്റെ ആദ്യഘട്ട പരീക്ഷണം സെപ്റ്റംബറിൽ നടന്നിരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷന്റെ (DRDO) ചെന്നൈ ആസ്ഥാനമായുള്ള കോംബാറ്റ് വെഹിക്കിൾസ് റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് എസ്റ്റാബ്ലിഷ്‌മെന്റാണ് (CVRDE) മൂന്ന് വർഷംകൊണ്ട് ടാങ്ക് വികസിപ്പിച്ചെടുത്തത്.
എയർ ലിഫ്റ്റ് ചെയ്യാനും സാധിക്കുമെന്നതിനാൽ പെട്ടെന്ന് എത്തിപ്പെടാനാവാത്ത വിദൂരമേഖലകളിലും ലൈറ്റ് ടാങ്ക് വേഗത്തിൽ വിന്യസിക്കാനാകുമെന്ന് വ്യോമസേന വ്യക്തമാക്കി. പർവത അതിർത്തി പ്രദേശങ്ങളിൽ 350 ലധികം ലൈറ്റ് ടാങ്കുകൾ വിന്യസിക്കാൻ ഇന്ത്യൻ സൈന്യം ലക്ഷ്യമിടുന്നുണ്ട്. ഉയർന്ന മേഖലയിലെ പരീക്ഷണം വിജയകരമായതിന് പിന്നാലെ ഡിആർഡിഒയേയും സൈനികരേയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദനങ്ങൾ അറിയിച്ചു.