തിരുപ്പൂർ: മദ്യപിച്ച് ബോധമില്ലാതെ കാറിൽ കിടന്നുറങ്ങിയ വില്ലേജ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട്ടിൽ ചിന്നകാങ്കയം പാളത്താണ് സംഭവം. വേലംപാളയം വില്ലേജ് ഓഫീസറായ ജഗന്നാഥൻ(47) ആണ് മരിച്ചത്. കാറിനുള്ളിൽ എസി പ്രവർത്തിപ്പിച്ചുകൊണ്ടാണ് ഇയാൾ കിടന്നുറങ്ങിയത്.
ജഗന്നാഥന്റെ ഭാര്യയും മക്കളും കഴിഞ്ഞ ദിവസം ബന്ധുവീട്ടിലേക്ക് പോയിരുന്നു. അതിനാൽ ഇയാൾ ഒറ്റയ്ക്കാണ് വീട്ടിലുണ്ടായിരുന്നത്. കാർ ഓണായി എസി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും, അതിനുള്ളിൽ നിന്ന് ദുർഗന്ധം വരുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. ജഗന്നാഥനെ അന്വേഷിച്ചെങ്കിലും വിവരം ലഭിക്കാതായതോടെയാണ് അയൽവാസികൾ ഈ വിവരം ജഗന്നാഥന്റെ ഭാര്യയെ വിളിച്ച് അറിയിക്കുന്നത്.
ഇവർ ഉടൻ തന്നെ വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ കാറിന്റെ കണ്ണാടി തകർത്ത് നടത്തിയ പരിശോധനയിലാണ് ജഗന്നാഥനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മദ്യലഹരിയിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങിയതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.