ന്യൂഡൽഹി: ഇന്ത്യൻ ഇന്ത്യയുടെ കലാപൈതൃകത്തിന്റെ പ്രതീകമായ ബനാറസി സാരികളുടെ വിപണി കഴിഞ്ഞ കുറച്ചു വർഷങ്ങളായി വലിയ രീതിയിൽ വെല്ലുവിളി. വ്യാജ ഉത്പന്നങ്ങൾ വിപണി കയ്യടക്കിയതോടെ പരമ്പരാഗത നെയ്‌ത്തുകാർ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. എന്നാൽ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഡൽഹി ഐഐടി വിദ്യാർത്ഥിയും എച്ച്കെവി ബനാറസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനുമായ കുണാൽ മൗര്യ. ഒറിജിനൽ ബനാറസി സാരി തിരിച്ചറിയാൻ സഹായിക്കുന്ന ചിപ്പ് വികസിപ്പിച്ചെടുത്തിരിക്കുകയാണ് കുണാൽ.
‘ഹസ്ത കലാപ്രമാണക്’ എന്ന ചിപ്പ് കൈകൊണ്ട് നെയ്ത യഥാർത്ഥ ബനാറസി സാരിയും മെഷീൻ നിർമ്മിത അനുകരണങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ ഉപഭോക്താക്കളെ സഹായിക്കും. ബനാറസി സാരിയുടെ തുണിത്തരങ്ങളിൽ ചേർത്ത് പിടിപ്പിക്കാൻ കഴിയുന്ന ചെറുതും ശക്തവുമായ ഉപകരണമാണിത്. ഈ ചിപ്പ് സ്കാൻ ചെയ്യുമ്പോൾ സാരിയുടെ ആധികാരികതയെയും അതിന്റെ നെയ്‌ത്ത് ചരിത്രത്തെയും കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകും. ഇതിലൂടെ ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്നത് കൈകൊണ്ട് നെയ്ത ബനാറസി ശരിയാണോ എന്തോ ഡ്യുപ്ലിക്കേറ്റാണോയെന്ന് പരിശോധിക്കാൻ കഴിയും.
ബനാറസി സാരികൾ എന്നപേരിൽ വൻതോതിൽ യന്ത്ര നിർമ്മിത സാരികൾ വിപണികളിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇത് കാരണം ബനാറസി സാരികളുടെ ആഗോള പ്രശസ്തിയിൽ മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്. ഈ പ്രതിസന്ധിക്ക് പരിഹാരമായി വികസിപ്പിച്ചെടുത്ത നൂതന ചിപ്പ് കുണാൽ ഉത്തർപ്രദേശ് ഗവർണർക്ക് സമർപ്പിച്ചിരുന്നു. ഇത് വ്യാപകമായി അംഗീകരിക്കപ്പെട്ടാൽ പരമ്പരാഗത നെയ്‌ത്തുകാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാകാൻ ഹസ്ത കാലപ്രമാണക്കിന് കഴിയും.















