ന്യൂഡൽഹി: ഡൽഹിയിൽ നാല് സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഈ മാസം ഒൻപതാം തിയതിയും സമാനമായ രീതിയിൽ ഡൽഹിയിലെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇ മെയിൽ മുഖേനയാണ് സന്ദേശങ്ങൾ ലഭിച്ചത്. അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
പശ്ചിമ വിഹാറിലെ ഭട്നഗർ ഇന്റർനാഷണൽ സ്‌കൂൾ, ശ്രീ നിവാസ്പുരിയിലെ കേംബ്രിഡ്ജ് സ്‌കൂൾ, കൈലാഷിലെ ഡിപിസ്‌കൂൾ അമർ കോളനി എന്നിവിടങ്ങളിലാണ് ഇക്കുറി ഭീഷണി സന്ദേശങ്ങൾ ലഭിച്ചതെന്ന് ഡൽഹി ഫയർ സർവീസസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവരം ലഭിച്ചതിന് പിന്നാലെ ഫയർഫോഴ്‌സും, പൊലീസും, ബോംബ് ഡിറ്റക്ഷൻ ടീമും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വിദ്യാലയങ്ങളിലേക്ക് ഇന്ന് വിദ്യാർത്ഥികളെ അയക്കേണ്ടതില്ലെന്ന് സ്‌കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളിൽ ഇപ്പോഴും പരിശോധന തുടരുകയാണ്. തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിലും ഡൽഹിയിൽ വിവിധ സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. സ്‌കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് 250ലധികം സ്‌കൂളുകൾക്കാണ് സന്ദേശം ലഭിച്ചത്. ഈ സന്ദേശങ്ങളും വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.















