കൊച്ചി: മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് പ്രൊഫസർ ടിജെ ജോസഫിന്റെ കൈകൾ വെട്ടിയ കേസിൽ എൻഐഎ കേസുകളുടെ പ്രത്യേക വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മൂന്നാം പ്രതിഎം കെ നാസറിന്റെ ശിക്ഷ വ്യാഴാഴ്ച കേരള ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു . മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരനായിരുന്ന ഇയാൾ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
കൈവെട്ടുകേസിലെ മുഖ്യസൂത്രധാരന്‍ എന്ന് അന്വേഷണ ഏജന്‍സി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്ന നാസര്‍ ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയാണ്. കൈവെട്ടു സംഭവത്തിന്റെ ഗൂഢാലോചനയില്‍ അടക്കം പങ്കുണ്ടെന്നും, കൃത്യത്തിന് വേണ്ട വാഹനങ്ങള്‍ സംഘടിപ്പിച്ചതും ആളുകളെ റിക്രൂട്ട് ചെയ്തതും പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന നാസറാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്.
പ്രതികൾ ഇപ്പോൾ 9 വർഷത്തിലേറെയായി തടവിൽ കഴിയുകയാണെന്ന് ജസ്റ്റിസ് രാജാ വിജയരാഘവൻ വി , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേസിൽ മൊത്തം 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും ബാക്കി 18 പ്രതികളെ 2015 ൽ വെറുതെ വിടുകയും ചെയ്തു.
2010 ജൂലൈ 4 നാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് മുസ്‌ളീം തീവ്രവാദികൾ തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയത്.















