പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്കുള്ള 5500 കോടി രൂപയുടെ 167 വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുവാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രയാഗ് രാജിലെത്തി. അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ 11.30ന് ബംറൗലി വിമാനത്താവളത്തിൽ ഇറങ്ങി. അവിടെ നിന്ന് അരയിൽ ഘട്ടിലെത്തി നിഷാദ്രാജ് ക്രൂസിൽ കയറി സംഗമ തീരത്തെത്തി. ഋഷിമാരെയും സന്യാസിമാരെയും കണ്ടുമുട്ടി ആശീർ വാദം തേടിയ ശേഷം ത്രിവേണീ സംഗമത്തിൽ ഏതാണ്ട് അരമണിക്കൂറോളം ഗംഗാ ആരാധന നടത്തി.
മഹാകുംഭ മേളയുടെ വിജയത്തിനായി പ്രധാനമന്ത്രി കലശം സ്ഥാപിച്ചു. ദ്രവ്യങ്ങൾ ഗംഗയ്‌ക്ക് സമർപ്പിച്ചു. ഇതിനുശേഷം അക്ഷയാവത് പ്രദക്ഷിണം നടത്തി. സരസ്വതി കുപ, ബഡേ ഹനുമാൻ ക്ഷേത്രം എന്നിവ സന്ദർശിച്ചു. കലശ പൂജയോടെയാണ് മഹാകുംഭമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നാണ് വിശ്വാസം.
ഗവർണർ ആനന്ദി ബെൻ പട്ടേലും മുഖ്യമന്ത്രി യോഗിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മഹാകുംഭം-2025-ലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി നരേന്ദ്ര മോദി പരിശോധിക്കും. നിരവധി പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും മോദി നിർവഹിക്കും. ഡിജിറ്റൽ മഹാ കുംഭ മേള പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി കുംഭ് സഹായക് ചാറ്റ്ബോട്ടും പുറത്തിറക്കും. ശ്രിങ്‌വേർപൂർ ധാമിൽ നിർമ്മിച്ച ശ്രീരാമന്റെയും നിഷാദ്‌രാജിന്റെയും 51 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും.
നാല് മണിക്കൂറോളം പ്രധാനമന്ത്രി മോദി പ്രയാഗ്‌രാജിൽ തങ്ങും. വൈകിട്ട് 3.30 വരെ അദ്ദേഹം ഇവിടെയുണ്ടാകും.