ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്‌ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയും നടിയുമായ പവിത്ര ഗൗഡയ്‌ക്കും ജാമ്യം അനുവദിച്ചു. ഇടക്കാല ജാമ്യം നേടി ജയിൽമോചിതനായതിന് പിന്നാലെയാണ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്.
നട്ടെല്ലിന് ശസ്ത്രക്രിയ ഉൾപ്പടെ നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി ദർശൻ നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. തുടർന്നാണ് നടന് ഇടക്കാല ജാമ്യം ലഭിച്ചത്. എന്നാൽ രക്തസമ്മർദ്ദം നിയന്ത്രിതാവസ്ഥയിൽ അല്ലെന്ന് കാണിച്ച് ശസ്ത്രക്രിയയുടെ തീയതി നീട്ടിക്കൊണ്ടുപോവുകയായിരുന്നു നടൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ദർശനെതിരെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ശക്തമായ വാദങ്ങൾ നിരത്തിയിരുന്നു.
കൃത്യമായ മെഡിക്കൽ രേഖകൾ കാണിക്കാതെ ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി ജാമ്യകാലാവധി നീട്ടാനാണ് പ്രതിയുടെ ശ്രമമെന്നും പ്രതിക്ക് ഇനിയും ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ ഈ വാദം നിരസിച്ച കോടതി ദർശന് ഇടക്കാല ജാമ്യം നീട്ടി നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് സ്വാഭാവിക ജാമ്യവും ദർശന് അനുവദിച്ചത്. കേസിലെ മറ്റ് പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
2024 ജൂൺ 11-നായിരുന്നു ദർശൻ മൈസൂരുവിൽ നിന്ന് അറസ്റ്റിലായത്. ഓട്ടോഡ്രൈവറായ രേണുക സ്വാമിയെ ദർശനും സുഹൃത്ത് പവിത്രയും ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. പവിത്രയ്‌ക്ക് അശ്ലീല സന്ദേശമയച്ചുവെന്ന് ആരോപിച്ച് രേണുക സ്വാമിയെ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി മർദ്ദിച്ച് കൊന്നെന്നാണ് വിവരം. ദർശന്റെ കടുത്ത ആരാധകനായിരുന്നു രേണുക സ്വാമി. ജൂൺ ഒമ്പതിനായിരുന്നു ഇയാളുടെ മൃതദേഹം അഴുക്കുചാലിൽ നിന്ന് ലഭിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് നടൻ ദർശൻ. മുഖ്യപ്രതി പവിത്രയാണ്.