ന്യൂഡൽഹി: ബംഗ്ലാദേശിൽ ഹിന്ദുക്കൾ ഉൾപ്പെടുന്ന ന്യൂനപക്ഷ സമൂഹം നിരന്തരം വേട്ടയാടപ്പെടുന്നതിൽ ഭാരതത്തിന്റെ ആശങ്ക ബംഗ്ലാദേശ് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഇന്ത്യയുടെ വിദേശകാര്യ നയത്തെക്കുറിച്ചും നിലവിലെ സ്ഥിതിയിൽ ബംഗ്ലാദേശുമായുളള ബന്ധത്തെക്കുറിച്ചും ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മറുപടി നൽകുകയായിരുന്നു വിദേശകാര്യമന്ത്രി.
മോദി സർക്കാരിന്റെ അയൽക്കാർ ആദ്യമെന്ന നയത്തിൽ കോൺഗ്രസ് എംപി മനീഷ് തിവാരിയുടെ ആശങ്കയ്‌ക്ക് മറുപടി നൽകുകയായിരുന്നു എസ് ജയ്ശങ്കർ. ന്യൂനപക്ഷങ്ങൾക്ക് നേരെയുളള ആക്രമണത്തിൽ ഇന്ത്യ നിരന്തരം ആശങ്ക അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കഴിഞ്ഞ ദിവസം നടത്തിയ ബംഗ്ലാദേശ് സന്ദർശനത്തിലും ഈ വിഷയമാണ് പ്രധാനമായും ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം യൂനുസ് സർക്കാർ ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനും ചൈനയും ഒഴികെയുളള അയൽരാജ്യങ്ങളിലെല്ലാം ഇന്ത്യ നിരവധി വികസന പ്രൊജക്ടുകൾ നിർവ്വഹിക്കുന്നുണ്ടെന്ന് എസ് ജയ്ശങ്കർ ചൂണ്ടിക്കാട്ടി. സമാധാനപരവും സഹകരണാടിസ്ഥാനത്തിലുമുളള അയൽബന്ധത്തിനുളള പ്രതിബദ്ധതയിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. പക്ഷെ നമ്മുടെ അയൽക്കാർക്കും അവരുടേതായ രാഷ്‌ട്രീയം ഉണ്ടാകും. അതിൽ ഉയർച്ച, താഴ്ചകൾ സ്വാഭാവികമാണ്. എന്നാലും സ്ഥിരത ഉറപ്പിക്കാനും സഹകരണം മെച്ചപ്പെടുത്താനുമാണ് നമ്മുടെ ശ്രദ്ധയെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്താൻ ഉൾപ്പെടെ എല്ലാ അയൽക്കാരുമായി ഇന്ത്യ നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പാകിസ്താനുമായുളള ബന്ധം ഭീകരവാദത്തെ നേരിടുന്നതിലുളള അവരുടെ പ്രതിബദ്ധത അനുസരിച്ചിരിക്കുമെന്നും ജയ്ശങ്കർ വ്യക്തമാക്കി. അവരുടെ രീതികൾ എങ്ങനെ മാറിയെന്ന് കാണിച്ചു തരേണ്ടത് പാകിസ്താനാണ്. അയൽരാജ്യങ്ങളുമായുളള സമാധാനപരമായ ബന്ധത്തിന് ഇന്ത്യയുടെ അതിർത്തികൾ കൂടുതൽ ശക്തവും സുരക്ഷിതവുമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പതിനേഴുകാരിയായ പെൺകുട്ടി നദി നീന്തിക്കടന്ന് ഇന്ത്യയിലെത്താൻ ശ്രമിച്ചിരുന്നു. ഇസ്‌കോൺ അനുഭാവിയെന്ന തരത്തിൽ തന്നെ ഭരണകൂടം നോട്ടപ്പുളളിയാക്കിയ സാഹചര്യത്തിലായിരുന്നു രാത്രിയിൽ നദി മുറിച്ചു കടന്ന് ഇന്ത്യയിലെത്താൻ പെൺകുട്ടി ശ്രമിച്ചത്. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന അക്രമങ്ങളുടെ വിശദാംശങ്ങൾ യൂനുസ് സർക്കാർ പുറത്തുവിട്ടിരുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ 88 ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്കുകളിൽ പറയുന്നത്. ധാക്കയിലെത്തിയ വിദേശകാര്യ സെക്രട്ടറി ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ്ദ് ജാഷിം ഉദ്ദിനുമായി കൂടിക്കാഴ്ച നടത്തുകയും ആക്രമണങ്ങൾക്ക് തടയിടാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.