ന്യൂഡൽഹി: കാനഡയിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളാണ് വിഷയത്തിൽ പ്രതികരിച്ചത്. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാനഡയിലെ ഇന്ത്യൻ പൗരന്മാർ നേരിട്ട ദുരന്തത്തിൽ അതിയായ ദുഃഖമുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വിദ്വേഷ കുറ്റകൃത്യങ്ങളും അക്രമങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കാനഡയിൽ സുരക്ഷാ അന്തരീക്ഷം മോശമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികൾ അടക്കമുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് നേരത്തെ തന്നെ വിദേശകാര്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. ഏറ്റവുമൊടുവിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ കൊല്ലപ്പെട്ട വിഷയത്തിൽ കാനഡയിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷനും കോൺസുലേറ്റുകളും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
കാനഡയിലെ ഇന്ത്യൻ പൗരന്മാർ, പ്രത്യേകിച്ച് വിദ്യാർത്ഥികൾ.. അവരുടെ സുരക്ഷ, ക്ഷേമം എന്നീ കാര്യങ്ങൾ പരമപ്രധാനമായ വിഷയമാണ്. ഒട്ടാവയിലെ ഇന്ത്യൻ മിഷനുകൾ ഇക്കാര്യത്തിൽ കനേഡിയൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം കാനഡയിൽ 4 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികളാണ് നിലവിലുള്ളത്.