കോട്ടയം: കോട്ടയം ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കുട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിലെ ഫാമുകളിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗബാധിതാ പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഫാമുകളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്ന് അധികൃതർ അറിയിച്ചു. മുണ്ടക്കയം, പാറത്തോട്, പൂഞ്ഞാർ തെക്കേക്കര, എലിക്കുളം, ചിറക്കടവ്, വെള്ളാവൂർ, കങ്ങഴ, പാമ്പാടി, കൂരോപ്പട, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തുകൾ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്നു. രോഗബാധിത പ്രദേശങ്ങളിൽനിന്നുള്ള പന്നിമാംസ വിതരണവും വിൽപ്പനയും പന്നിമാംസം, തീറ്റ എന്നിവയുടെ കടത്തും നിരോധിച്ചു.
പന്നികളിൽ മാത്രമാണ് ഈ പ്രത്യേക തരം അസുഖം കണ്ടുവരുന്നത്. പന്നികളിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ രോഗം പകരില്ല. ആഫ്രിക്കൻ പന്നിപ്പനിക്ക് മരുന്നോ വാക്സിനോ കണ്ടെത്താത്തതിനാൽ രോഗം പിടിപ്പെട്ട പന്നികൾ കൂട്ടത്തോടെ ചത്തുപോവുകയാണ് ചെയ്യുന്നത്. പന്നികളെ ബാധിക്കുന്ന ഗുരുതരമായ വൈറൽ അണുബാധയാണ് ആഫ്രിക്കൻ പന്നിപ്പനി.















