പുഷ്പ 2-ന്റെ ആദ്യ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ച് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. അല്ലു അർജുനെ അറസ്റ്റ് ചെയ്തത്, വളരെയധികം നിർഭാഗ്യകരമാണെന്നും സംഭവത്തിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്നും കങ്കണ റണാവത്ത് എക്സിൽ കുറിച്ചു.
‘തികച്ചും ദൗർഭാഗ്യകരമായ സംഭവമാണിത്. അല്ലു അർജുനോടൊപ്പം ഉണ്ടാകും. ജനങ്ങളുടെ ജീവൻ ഞങ്ങൾക്കും വിലപ്പെട്ടതാണ്. അത് തെളിയിക്കുന്നതാണ് തിയേറ്ററിൽ എഴുതികാണിക്കുന്ന പുകവലിക്കെതിരെയുള്ള പരസ്യങ്ങൾ. എല്ലാവരും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ടെന്നും’ കങ്കണ എക്സിൽ വ്യക്തമാക്കി.
അല്ലു അർജുന്റെ അറസ്റ്റിനെതിരെ പ്രതികരിച്ച് രശ്മിക മന്ദാനയും രംഗത്തെത്തിയിരുന്നു. സംഭവം ഹൃദയഭേദകമാണെന്നും വിശ്വസിക്കാനാകുന്നില്ലെന്നും രശ്മിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ‘അന്ന് നടന്ന സംഭവം നിർഭാഗ്യകരവും അപ്രതീക്ഷിതവുമായിരുന്നു. ഈ സംഭവത്തിൽ ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്തുന്നത് നിരാശജനകമാണ്’- എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.