ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട പൊലീസ് നടപടിയെ ന്യായീകരിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തതെന്നും, നിയമം അതിന്റെ വഴിക്ക് പോകുമെന്നും രേവന്ത് റെഡ്ഡി പറയുന്നു. പുഷ്പ 2 സിനിമയുടെ പ്രിമിയർ ദിവസമുണ്ടായ തിരക്കിൽ യുവതി മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. അല്ലു അർജുന്റെ അറസ്റ്റ് വിവാദമായതോടെ തെലങ്കാന സർക്കാരിനെതിരെ ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികളും വിവിധ സിനിമാ താരങ്ങളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് രേവന്ത് റെഡ്ഡി പൊലീസ് നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയത്.
അല്ലു അർജുൻ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തതെന്നും, സിനിമ കാണാനെത്തിയവരെ വാഹനത്തിന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തുവെന്നും രേവന്ത് റെഡ്ഡി പറയുന്നു. ” സന്ധ്യ തിയേറ്ററിലെത്തിയ ജനങ്ങളെ നിയന്ത്രിക്കാനായി പൊലീസുകാരേയും വിന്യസിച്ചിരുന്നു. അല്ലു അർജുൻ വെറുതെ സിനിമ കണ്ട് ഇറങ്ങിപ്പോവുകയല്ല ചെയ്തത്. കാറിന്റെ സൺറൂഫ് വഴി അവിടെ കൂടിയിരുന്നവരെ അഭിവാദം ചെയ്തു. ഇതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയും, തിക്കും തിരക്കും ഉണ്ടാവുകയും ചെയ്തത്.
നിയമം നിയമത്തിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും. കേസിന്റെ അന്വേഷണത്തിൽ ആരും ഇടപെടില്ല. അല്ലു അർജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡി തന്റെ ബന്ധുവാണെങ്കിലും അല്ലു അർജുനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിൽ കുടുംബത്തെ ഇടപെടുത്താൻ താൻ അനുവദിച്ചില്ലെന്നും” രേവന്ത് റെഡ്ഡി അവകാശപ്പെട്ടു. അതേസമയം കേസിൽ അറസ്റ്റിലായ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. അല്ലുവിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത് ഹൈദരാബാദ് നാമ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.















