കോഴിക്കോട്: അർദ്ധവാർഷിക പ്ലസ്‌വൺ ഗണിത പരീക്ഷയുടെയും പത്താം ക്ലാസ് ഇംഗീഷ് പരീക്ഷയുടെയും ചോദ്യങ്ങൾ ചോർന്നതായി പരാതി. സ്വകാര്യ ട്യൂഷൻ പ്ലാറ്റ്‌ഫോമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോദ്യങ്ങൾ പുറത്തുവിട്ടത്. വാർഷിക പരീക്ഷയ്‌ക്ക് തയ്യാറാക്കിയ ചോദ്യങ്ങൾക്ക് സമാനമായ ചോദ്യങ്ങളായിരുന്നു യൂട്യൂബ് ചാനൽ പുറത്തുവിട്ടതെന്ന് അധികൃതർ പറയുന്നു.
വ്യാഴാഴ്ചയായിരുന്നു ഗണിത പരീക്ഷ നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ പേപ്പറിന്റെ മാതൃക യൂട്യൂബ് ചാനൽ പുറത്തുവിട്ടത്. ഇതോടെ അദ്ധ്യാപകരുടെ ഫോണിലേക്ക് കുട്ടികൾ ചോദ്യങ്ങളുടെ ഉത്തരങ്ങൾ അറിയുന്നതിനായി വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തു. നിരവധി ഫോൺകോളുകൾ ലഭിച്ചതോടെയാണ് സംഭവത്തിൽ അദ്ധ്യാപകർക്ക് സംശയമുണ്ടായത്.
ഇക്കാര്യം പരിശോധിച്ചതോടെ യൂട്യൂബ് ചാനൽ, അദ്ധ്യാപകരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പത്താം ക്ലാസിന്റെ 80 മാർക്ക് ചോദ്യപേപ്പറിൽ 70 മാർക്കിന്റെ ചോദ്യങ്ങളും നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് സമാനമായിരുന്നു. സംഭവത്തിൽ കോഴിക്കോട് പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ സി. മനോജ് കുമാർ പൊതുവിദ്യാഭ്യാസ വകുപ്പിനും പരാതി നൽകി. ഇതിന് മുൻപും യൂട്യൂബ് ചാനൽ സമാനമായ തരത്തിൽ ചോദ്യപേപ്പർ പങ്കുവച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.