തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമലയിലും ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കോവളം ബീച്ചിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. ബോട്ട് സവാരി, സർഫിംഗ് തുടങ്ങിയവയും നിർത്തിവച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.
തിരുവനന്തപുരത്ത് കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വീഴാൻ സാധ്യതയുണ്ട്. തിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.















