തിരുവനന്തപുരം: സംസ്കൃത ഭാഷയോട് വീണ്ടും സംസ്ഥാന സർക്കാരിന്റെ അവഗണന. നടത്തിപ്പിൽ അനിശ്ചിതത്വം തുടർന്നതോടെ സ്കോളർഷിപ്പ് തന്നെ നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ രംഗത്തെത്തി.
സംസ്കൃത ഭാഷ പ്രോത്സാഹനത്തിനായി എല്ലാ വർഷവും നടത്തി വരുന്ന സ്കോളർഷിപ്പ് പരീക്ഷയുടെ നടത്തിപ്പാണ് ആശങ്കയിലായത്. എല്ലാ വർഷവും ഡിസംബർ മാസത്തിലാണ് പരീക്ഷ നടത്തുക. ഡിസംബർ പകുതിയായിട്ടും പരീക്ഷയുടെ പ്രാഥമിക നടപടികൾ പോലുമായിട്ടില്ല. അരലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതുന്നത്. നടത്തിപ്പിൽ അനിശ്ചിതത്വം തുടർന്നതോടെ സ്കോളർഷിപ്പ് തന്നെ നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും.
സംസ്കൃത വികസന പ്രവർത്തനങ്ങൾക്കായി 95 ലക്ഷം രൂപയുടെ ഫണ്ടാണ് അനുവദിച്ചിരുന്നത്. ഇത് വെട്ടിക്കുറച്ച് 60 ലക്ഷം രൂപയിലെത്തി. ഈ തുക വച്ച് നടത്തുന്ന ഏറ്റവും വലിയ പ്രവർത്തനമാണ് സ്കോളർഷിപ്പ് വിതരണം. എന്നാൽ സ്കോളർഷിപ്പ് വിതരണത്തിനായി ഇതുവരെ ഒരു നീക്കവും ഉണ്ടായിട്ടില്ല. മതിയായ ഫണ്ടില്ലാത്തതിനാൽ ചോദ്യ പേപ്പർ നിർമാണം പോലും പൂർത്തിയാക്കാൻ സാധിച്ചട്ടില്ലെന്ന് സംസ്കൃത അദ്ധ്യാപക ഫെഡറേഷൻ ഭാരവാഹി പറഞ്ഞു. അനിശ്ചിതത്വങ്ങൾ പരിഹരിച്ച് സ്കോളർഷിപ്പ് നൽകാൻ സർക്കാർ തയ്യാറകണമെന്നും അല്ലാത്തപക്ഷം പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും ഫെഡറേഷൻ നൽകുന്നു.
ഓരോ ക്ലാസിൽ നിന്നും രണ്ട് വീതം വിദ്യാർത്ഥികൾക്കാണ് പരീക്ഷയെഴുതാൻ അവസരമുള്ളത്. ഉപജില്ലയിലെ എൽപി വിഭാഗത്തിൽ 40 വിദ്യാർത്ഥികൾക്ക് 100 രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും. യുപി വിഭാഗത്തിൽ 35 വിദ്യാർത്ഥികൾക്ക് 400 രൂപ വീതവും ഹൈസ്കൂളിൽ വിദ്യാഭ്യാസ ജില്ലാ തലത്തിൽ 90 കുട്ടികൾക്ക് 600 രൂപ വീതമാണ് സ്കോളർഷിപ്പ്. സംസ്ഥാനത്താകെ 163 ഉപജില്ലകളും 41 വിദ്യാഭ്യാസ ജില്ലകളുമാണുള്ളത്. 17,485 രൂപയാണ് സ്കളോർഷിപ്പായി നൽകുന്നത്. ഈ തുച്ഛമായ തുക വിനിയോഗിക്കാനാണ് സർക്കാർ മടി കാണിക്കുന്നത്.















