ഹൈദരാബാദ് : മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച കേസിൽ തെലുങ്ക് നടൻ മോഹൻ ബാബു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി പഹാഡി ഷെരീഫ് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡിസംബർ 13ന് തെലുങ്ക് നടൻ മോഹൻ ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ തുടർനടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹർജി നൽകുകയായിരുന്നു. എന്നാൽ, ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.
ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ മാപ്പപേക്ഷയുമായി മോഹൻ ബാബു ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടിരുന്നു. മാദ്ധ്യമപ്രവർത്തകനെ ദ്രോഹിക്കാൻ താൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ വീട്ടിൽ കയറുന്നയാൾ മാദ്ധ്യമപ്രവർത്തകനാണെന്ന് അറിയില്ലെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു . മാധ്യമ പ്രവർത്തകരെന്ന വ്യാജേന എതിരാളികൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് മോഹൻ ബാബു ആരോപിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മോഹൻ ബാബു, രാത്രിയിൽ തന്റെ സ്വകാര്യ സ്വത്തിൽ അനുമതിയില്ലാതെ,മാദ്ധ്യമ പ്രവർത്തകർ കടന്നുകയറുന്നത് അംഗീകരിക്കാനാകുമോയെന്നും ചോദിച്ചു.
സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടിൽ നടക്കുന്ന പ്രശ്‌നങ്ങൾ അറിയിക്കുന്നതിനായി മോഹൻ ബാബു നടത്തിയ വാർത്താ സമ്മേളനത്തിലേക്ക് . മകൻ മനോജ് മഞ്ചു അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു. . ഇത് തടയാൻ ശ്രമിക്കുന്നതിനിടെ മോഹൻ ബാബുവും മകനും തർക്കങ്ങളുണ്ടായി. ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യമ പ്രവർത്തകർ ശ്രമിച്ചതോടെ മോഹൻ ബാബു മാദ്ധ്യമങ്ങൾക്ക് നേരെ തിരിയുകയായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ കയ്യിൽ നിന്നും മൈക്ക് തട്ടിപ്പറിച്ച മോഹൻ ബാബു ഇതുപയോഗിച്ച് മർദ്ദിച്ചു. മാദ്ധ്യമപ്രവർത്തകന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
പരിക്കേറ്റ പത്രപ്രവർത്തകൻ നൽകിയ പരാതിയെ തുടർന്ന് പഹാഡിഷരീഫ് പൊലീസ് സ്റ്റേഷനിൽ BNS- സെക്ഷൻ 118(1) ( അപകടകരമായ ആയുധങ്ങളോ വസ്തുക്കളോ ഉപയോഗിച്ച് മുറിവേൽപ്പിക്കുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് മാദ്ധ്യമപ്രവർത്തകന്റെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ മോഹൻ ബാബുവിനെതിരെയുള്ള കുറ്റം ബിഎൻഎസ് സെക്ഷൻ 109 (കൊലപാതകശ്രമം) ആക്കി മാറ്റി.















