ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച് സ്വന്തം വസതിയിലെത്തിയ അല്ലു അർജുനെ സന്ദർശിച്ച് നടൻ വിജയ് ദേവരകൊണ്ടയും പുഷ്പ 2 സംവിധായകൻ സുകുമാറും. ഹൈദരാബാദിൽ ജൂബിലി ഹിൽസിലുള്ള വീട്ടിലെത്തിയാണ് ഇരുവരും അല്ലുവിനെ കണ്ടത്. മൂന്ന് പേരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.
സഹോദരൻ ആനന്ദ് ദേവരകൊണ്ടയ്‌ക്കൊപ്പമാണ് വിജയ് അല്ലു അർജുന്റെ വീട്ടിലെത്തുന്നത്. അല്ലുവിന്റെ അച്ഛൻ അല്ലു അരവിന്ദിനേയും അതിന് ശേഷം അല്ലു അർജുനേയും വിജയ് കെട്ടിപ്പിടിക്കുന്ന വീഡിയോകളാണ് പുറത്ത് വന്നത്. സുകുമാറിന് പുറമെ പുഷ്പയുടെ നിർമാതാക്കളായ രവിയും നവീനും ഇവിടെ എത്തിയിരുന്നു. ഇന്നലെയാണ് അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പുഷ്പ 2 സിനിമയുടെ റിലീസിനോടനുബന്ധിച്ച് തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലു അർജുൻ അറസ്റ്റിലാകുന്നത്.
കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഇന്നലെ രാത്രി മുഴുവൻ അല്ലു അർജുൻ ജയിലിൽ തുടരുകയായിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകർപ്പ് ലഭിക്കാത്തതിനെ തുടർന്നാണ് ജാമ്യം അനുവദിക്കാതിരുന്നത്. ജാമ്യ ഉത്തരവിന്റെ പകർപ്പ് ഇന്ന് രാവിലെ ലഭിച്ചതോടെയാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. അല്ലു അറസ്റ്റിലായതിന് പിന്നാലെ നൂറുകണക്കിന് ആരാധകരാണ് സ്റ്റേഷന് മുന്നിൽ തടിത്തുകൂടിയിരുന്നത്.















