പാകിസ്താൻ പേസർ മുഹമ്മദ് ആമിർ വീണ്ടും അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി കലഹിച്ച് 2021-ലാണ് താരം ആദ്യം വിരമിക്കുന്നത്. പിന്നീട് 2024 ടി20 ലോകകപ്പിന് മുമ്പാണ് ആമിർ വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയത്. ചില പരമ്പരകളിൽ കളിച്ച താരം ഏറ്റവും ഒടുവിൽ പാകിസ്താനായി കളിച്ചത് ടി20 ലോകകപ്പിലായിരുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയ വഴിയാണ് താരം വീണ്ടും വിരമിക്കൽ പ്രഖ്യാപിച്ചത്. പുതു തലമുറയ്‌ക്കായി വഴിമറി കൊടുക്കേണ്ട കൃത്യ സമയമാണിതെന്നും വലിയ ബുദ്ധിമുട്ടേറിയ തീരുമാനമാണ് സ്വീകരിച്ചതെന്നും ആമിർ പറഞ്ഞു. പാകിസ്താനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണെന്നും ഇടം കൈയൻ പേസർ പറഞ്ഞു.
2009-ലാണ് പാകിസ്താന് വേണ്ടി താരം അരങ്ങേറുന്നത്. ആ വർഷത്തെ ടി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തി പാകിസ്താന് കിരീടം സമ്മാനിച്ചു. എന്നാൽ വാതുവയ്പ്പിൽ പിടിക്കപ്പെട്ട് അഞ്ചു കൊല്ലത്തെ വിലക്ക് ലഭിച്ചു. 2016-ൽ വീണ്ടും ടീമിലെത്തി. 2017-ലെ ചാമ്പ്യൻസ് ട്രോഫിയിൽ നിർണായക പ്രകടനത്തോടെ പാകിസ്താന് കിരീടം സമ്മാനിച്ചു. 36 ടെസ്റ്റ്, 61 ഏകദിനം, 62 ടി20 എന്നിവയിൽ യഥാക്രമം 119,81,71 വിക്കറ്റുകൾ നേടിയിട്ടുണ്ട്.