ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടിൽ വൻ വർദ്ധന. ജനുവരി മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ 15,547 കോടി ഇടപാടുകളാണ് നടത്തിയത്. ഏകദേശം 223 ലക്ഷം കോടി രൂപയാണ് ഡിജിറ്റൽ മാർഗത്തിലൂടെ ഇന്ത്യക്കാർ കൈമാറിയത്. ധനമന്ത്രാലയമാണ് 11 മാസത്തെ കണക്കുകൾ പുറത്തുവിട്ടത്.
ഭാരതത്തിന്റെ സാമ്പത്തിക രംഗം പരിവർത്തനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ധനമന്ത്രാലയത്തിന്റെ എക്സ് ഹാൻഡിലിൽ പറയുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളും യുപിഐ സംവിധാനത്തോട് താത്പര്യം കാണിക്കുന്നുവെന്നും മന്ത്രാലയത്തിന്റെ വാർത്താ കുറിപ്പിലുണ്ട്.
രൂപയും യുപിഐയും അതിവോഗം ലോകത്ത് വ്യാപിക്കുകയാണ്. വ്യാപാര രംഗത്ത് കണ്ണായ രാജ്യങ്ങളായ യുഎഇ, സിംഗപ്പൂർ, ഭൂട്ടാൻ, നേപ്പാൽ, ശ്രീലങ്ക, ഫ്രാൻസ്, മൗറീഷ്യസ് എന്നിവിടങ്ങളിലും യുപിഐ ഉപയോഗിക്കുന്നുണ്ട്. ചെറുകിട സംരംഭകർ, കുടിയേറ്റ തൊഴിലാളികൾ എന്ന് തുടങ്ങി ഉന്നത മേഖലയിലുള്ളവർക്ക് വരെ ഒരുപോലെ ഗുണം ചെയ്യുന്നതാണ് യുപിഐ സംവിധാനം.















