ന്യൂഡൽഹി: യുഎസിലേക്കുള്ള കയറ്റുമതിയിൽ തുടർച്ചയായ വർദ്ധനയെന്ന് ബാങ്ക് ഓഫ് ബറോഡയുടെ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 77.5 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. 10.3 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ 30 വർഷമായി കയറ്റുമതി രംഗത്ത് വളർച്ചനിരക്ക് ക്രമാതീതമായി വർദ്ധിക്കുകയാണെന്നും ഇത് ഇന്ത്യയുടെ പുരോഗതിയെ അടയാളപ്പെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2000 സാമ്പത്തിക വർഷത്തിലെ മൊത്തം കയറ്റുമതിയെക്കാൾ കൂടുതലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തേത് എന്നത് ശ്രദ്ധേയമാണ്. 2008-ലെ ആഗോള പ്രതിസന്ധി 2010 വരെ വളർച്ചയെ മന്ദഗതിയിലാക്കിയെങ്കിലും പിന്നീട് കയറ്റുമതി രംഗത്ത് ഇന്ത്യക്ക് മെച്ചപ്പെട്ട കാലമായിരുന്നുവെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.
മൊത്തത്തിലുള്ള കയറ്റുമതി വളർച്ചെയ മറികടക്കുന്നതാണ് യുഎസിലെ കയറ്റുമതി വളർച്ച. അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ആവശ്യകതയേറുന്നതിന്റെ സൂചനയാണ്. 2024 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും യുഎസിലേക്കാണ്.