വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രം പണം ആവശ്യപ്പെട്ടെന്ന തരത്തിൽ വ്യാപകമായ പ്രചരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേന്ദ്രത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കള്ള വാർത്തകൾക്ക് പിന്നിൽ മാദ്ധ്യമങ്ങളുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തിന്റെയാണെങ്കിലും സംസ്ഥാനത്തിന്റെയാണെങ്കിലും എല്ലാ വകുപ്പുകളുടെ പ്രവർത്തനങ്ങൾക്ക് ചെലവുണ്ടാകും. പൊതുമരാമത്ത് വകുപ്പിലേക്ക് അധികം വെള്ളം കൊടുത്താൽ വെള്ളക്കരം ഈടാക്കും. വനം വകുപ്പിന് വൈദ്യുതി കൊടുത്തൽ അതിന്റെ ബില്ലടയ്‌ക്കണം. എല്ലാ വകുപ്പുകളും വൈദ്യുതി ചാർജ് അടയ്‌ക്കുന്നുണ്ട്. എല്ലാ വകുപ്പുകളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്. ഇത് തന്നെയാണ് കേന്ദ്രത്തിലുമുള്ളത്. നമ്മുടെ നികുതി പണം തന്നെയാണ് അവിടെയുമുള്ളത്. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് ഹെലികോപ്റ്ററുകൾ പറക്കുന്നത്.
അതാത് വകുപ്പുകൾ അതിനുള്ള പണം ഈടാക്കുന്നത് സ്വാഭാവികമാണ്. പ്രധാനമന്ത്രി യാത്ര ചെയ്താലും രാഷ്‌ട്രപതി യാത്ര ചെയ്താലും വിമാന കൂലി നൽകണം. കേരളത്തോട് ചോദിക്കുന്നുവെന്ന തെറ്റായ പ്രചരണമാണ് നടക്കുന്നത്. വയനാട് പുനരധിവാസ പാക്കേജിലോ വയനാടിന്റെ ആവശ്യങ്ങൾക്കുള്ള എസ്ഡിആർഎഫ് ഫണ്ടിലേക്കോ പണം കിട്ടുമ്പോൾ ഈ ആവശ്യങ്ങൾക്ക് കൂടിയുള്ള പണമാണ് ചോദിക്കുന്നത്.
ഇതൊന്നും വയനാട് ദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായതല്ല. വർഷങ്ങളായുള്ള കുടിശികയാണിത്. സർക്കാർ സംവിധാനങ്ങളെ കുറിച്ചറിയാവുന്ന ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. നിർഭാഗ്യവശാൽ ഇതറിയാത്ത മാദ്ധ്യമങ്ങളാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. മോദി സർക്കാർ കേരളത്തെ അവഗണിക്കുന്നുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.