പാറ്റ്ന: സർക്കാർ സ്കൂൾ അദ്ധ്യാപകനെ തട്ടിക്കൊണ്ടു പോയി തോക്ക് ചൂണ്ടി വിവാഹം കഴിപ്പിച്ചതായി പരാതി. കാമുകിയുടെ വീട്ടുകാരാണ് തട്ടിക്കൊണ്ടു പോയത്. ബിഹാറിലെ ബെഗുര്‍സരായി ജില്ലയിലാണ് സംഭവം. യുപി സ്കൂൾ അദ്ധ്യാപകനായ അവ്‌നിഷ് കുമാര്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോയത്.
നാല് വർഷമായി അവ്‌നിഷ് കുമാറും ഗുജ്ജനും പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. വിവാഹ വാഗ്ദാനം നൽകുകയും ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാൽ സർക്കാർ ജോലി ലഭിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതായി യുവതിയുടെ വീട്ടുകാർ ആരോപിച്ചു. തോക്കു ചൂണ്ടിയുള്ള വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വിവാഹത്തിന് ശേഷം ഗുജ്ജനും കുടുംബവും അവ്‌നിഷിന്‍റെ വീട്ടിലേക്ക് പോയെങ്കിലും വീട്ടുകാർ സ്വീകരിക്കാൻ തയ്യാറായില്ല. സംഘർഷം രൂക്ഷമായതിനിടെ അവ്നിഷ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ഭർത്താവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുവതി പൊലീസിനെ സമീപിച്ചു. എന്നാൽ പ്രണയ ബന്ധത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളും അവ്നിഷ് നിഷേധിച്ചു. യുവതി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും തനിക്ക് ബന്ധത്തിൽ താൽപ്പര്യമില്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു.