ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം മാർക്കോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീറാണ് മാർക്കോയുടെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദനാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ക്രിസ്തുമസ് റിലീസായി ഡിസംബർ 20-നാണ് മാർക്കോ തിയേറ്ററുകളിലെത്തുന്നത്.
‘എന്റെ പ്രിയ സുഹൃത്ത് ഷെരീഫ് നിർമിക്കുന്ന ചിത്രം മാർക്കോ വലിയ വിജയമാകട്ടെയെന്ന് ആശംസിക്കുന്നുവെന്ന്’ ഷംസീർ വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. കയ്യിൽ മെഷീൻ ഗണ്ണുമായി നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ പോസ്റ്റർ നിമിഷങ്ങൾക്കകം പ്രേക്ഷകർ ഏറ്റെടുത്തു. മാർക്കോയുടെ ടീസർ 5. 2 മില്യൺ ആളുകളാണ് കണ്ടത്.
അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ക്യൂബ്സ് എന്‍റർടൈൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.
മലയാള സിനിമാലോകം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് മാർക്കോ ഒരുക്കിയിരിക്കുന്നത്. മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്, കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകാനയ രവി ബസ്രൂറാണ്.















