ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറൽ തത്വങ്ങളെ തകർക്കുമെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുൻപ് മൂന്ന് തെരഞ്ഞെടുപ്പുകൾ സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് അമിത് ഷായുടെ പരാമർശം. ശീതകാല സമ്മേളനത്തിൽ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോക്സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്താൻ ലക്ഷ്യമിടുന്ന ആർട്ടിക്കിൾ 82 എ അവതരിപ്പിക്കുന്നതിനൊപ്പം പാർലമെന്റിന്റെയും നിയമസഭകളുടെയും പൂർണകാലാവധി ഉറപ്പുവരുത്തുന്ന തരത്തിൽ ആർട്ടിക്കിൾ 83, ആർട്ടിക്കിൾ 172 തുടങ്ങിയവയിൽ ഭേദഗതി വരുത്താനും ബിൽ ലക്ഷ്യമിടുന്നു.
ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാർട്ടിയുടെ വിജയം ഉറപ്പാക്കുന്നതാണ് ഈ നീക്കമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അമിത് ഷാ പറഞ്ഞു. ഒഡീഷയിൽ 2014, 2019 വർഷങ്ങളിൽ നടന്ന നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിലെ ഫലം ചൂണ്ടിക്കാട്ടിയായിരുന്നു അമിത് ഷായുടെ പ്രതികരണം. 2019-ൽ ഒഡിഷയിൽ പാർലമെന്റ് തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ഒരേ സമയത്താണ് നടത്തിയത്. എന്നാൽ ആ തവണ അവിടെ ബിജെപിക്ക് പരാജയമായിരുന്നു ഫലം. 2019-ൽ രാജ്യമാകെ ബിജെപി തരംഗം അലയടിച്ചെങ്കിലും ആന്ധ്ര നഷ്ടമായെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് പുതിയ കാര്യമല്ല. രാജ്യത്ത് മൂന്ന് തെരഞ്ഞെടുപ്പ് സമാന രീതിയിൽ നടന്നിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. 1952-ൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരേസമയമാണ് നടന്നത്. 1957-ൽ തെരഞ്ഞെടുപ്പ് തീയതികളിൽ വ്യത്യാസമുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഒരേ സമയം നടത്താനായി എട്ട് സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിട്ടു. ഇതിന് ശേഷം മൂന്നാം തവണയും രാജ്യത്ത് സമാനരീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയതായി അമിത് ഷാ ചൂണ്ടിക്കാട്ടി.
എന്നാൽ കേരളത്തിലെ ഇടത് സർക്കാരിനെ നെഹ്‌റു പിരിച്ചുവിട്ടതോടെയാണ് ഈ രീതി നിന്നുപോയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെ രീതിയാണ് ഇക്കാര്യത്തിൽ നെഹ്‌റു പിന്തുടർന്നത്. 1971 തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി മാത്രം കാലാവധി കഴിയും മുൻപ് ലോക്‌സഭ പിരിച്ചുവിട്ട ചരിത്രമുണ്ട്. അവിടം മുതലാണ് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുന്ന രീതിയുടെ താളം തെറ്റിയതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.















