ജയ്പൂർ: ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു. രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് സംഭവം. സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അജ്ഞാത സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബസിറങ്ങി വീട്ടിലേക്ക് നടന്നുവരികയായിരുന്നു പെൺകുട്ടി. ബസ് സ്റ്റോപ്പിനും വീട്ടിനുമിടയിലുള്ള കൃഷിയിടത്തിൽ എത്തിയപ്പോഴാണ് അക്രമികൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പീഡനത്തിന് ശേഷം കുട്ടിയെ കൃഷിയിടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. അക്രമികളുടെ കയ്യിൽ നിന്നും രക്ഷപ്പെട്ട്, പേടിച്ച് വീട്ടിലെത്തിയ പെൺകുട്ടി വിവരം അമ്മയെ അറിയിച്ചു.
വീട്ടുകാർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. തുടർ ചികിത്സയ്‌ക്കായി കുട്ടിയെ അജ്മീറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് കൈമാറിയതായി പൊലീസ് പറഞ്ഞു.