തിരുവനന്തപുരം: കാർ ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയതാണ് പത്തനംതിട്ട മുറിഞ്ഞകല്ലിൽ നവദമ്പതികളടക്കം നാല് പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിന് ഇടയാക്കിയത്. ഡ്രൈവിംഗിനിടെ അമിതമായ ആത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ഇത്തരം പിഴവുകൾക്ക് കൊടുക്കേണ്ടി വരുന്ന വില വലുതായിരിക്കും.
ഇത്തരം അശ്രദ്ധയും അലംഭാവവും കൊണ്ട് സംസ്ഥാനത്ത് റോഡ് അപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവരെ ബോധവൽക്കരിക്കാൻ സമൂഹമാദ്ധ്യമ പേജുകൾ വഴി ശ്രമിക്കുകയാണ് കേരള പൊലീസ്. ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഉറക്കം വന്നാലും ഡ്രൈവ് ചെയ്യുന്നത് എത്രത്തോളം അപകടകരമാണെന്ന് പൊലീസ് വിശദമാക്കുന്നത്.
ഡ്രൈവിംഗിൽ ഉറക്കം കണ്ണിലെത്തുന്ന ഒരു നിമിഷാർദ്ധം മതി എല്ലാം അവസാനിക്കാൻ. ഉറക്കത്തിനായി ശരീരം ആവശ്യപ്പെടുമ്പോൾ അതിനെ മറികടക്കാൻ ശ്രമിക്കുന്നതാണ് പുലർകാലത്തെ അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. വളരെയധികം ശ്രദ്ധ വേണ്ട ജോലിയാണ് ഡ്രൈവർമാരുടേത്. അതുകൊണ്ടുതന്നെ കൂടുതൽ വിശ്രമവും ആവശ്യമാണ്. ഡ്രൈവ് ചെയ്യുമ്പോൾ ഉറക്കം വരുന്നത് ഡ്രൈവർമാരെ ബുദ്ധിമുട്ടിലാക്കുന്ന കാര്യമാണ്. പലപ്പോഴും അറിയാതെയാണ് ഡ്രൈവർ ഉറക്കത്തിലേയ്‌ക്ക് വീണുപോകുന്നത്.
ഉറക്കം വരുന്നുവെന്ന് തോന്നിയാൽ തീർച്ചയായും ഡ്രൈവിംഗ് നിർത്തിവെയ്‌ക്കണം.
ഏകദേശം 15 ശതമാനം അപകടങ്ങളേ രാത്രി നടക്കുന്നുള്ളൂ എങ്കിലും അപകടമരണങ്ങളുടെ 60 ശതമാനവും രാത്രിയിലാണ്. രാത്രിനടക്കുന്ന അപകടങ്ങളുടെ തീവ്രത കൂടുതലാണ് എന്നതാണ് കാരണം. ഇത്തരം അപകടങ്ങളിൽ വാഹനം നിർത്താനുള്ള ശ്രമം പോലും ഉണ്ടാവില്ല. ഫുൾ സ്പീഡിലായിരിക്കും ഇടിക്കുന്നത്.
എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്. ദിനവും ഉറങ്ങുന്ന സമയമാകുമ്പോൾ മനസ്സും ശരീരവും ആ പ്രവർത്തിയിലേയ്‌ക്ക് സ്വാഭാവികമായിത്തന്നെ വഴുതിവീഴും. ദിനം മുഴുവൻ വിശ്രമമില്ലാതെ അധ്വാനിച്ചിട്ട് രാത്രി ഡ്രൈവിംഗ് വീലിനു പുറകിൽ ഇരിക്കുമ്പോൾ ഓർക്കുക, താൻ മാത്രമല്ല കൂടെ യാത്ര ചെയ്യുന്നവർക്കും ജീവനു ഭീഷണിയാകുന്ന പ്രവൃത്തിയാണ് അതെന്ന്.
രാത്രി മാത്രമല്ല പകലും ഉറക്കം മൂലമുണ്ടാവുന്ന അപകടം ഉണ്ടായേക്കാം. ഉറക്കത്തിന്റെ ആലസ്യമുണ്ടായാൽ വാഹനം ഒതുക്കി നിറുത്തി അര മണിക്കൂറെങ്കിലും ഉറങ്ങണം. അതിനുശേഷം നന്നായി മുഖം കഴുകി യാത്ര തുടരണമെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.