കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണവിധേയരായ യൂട്യൂബ് ചാനലിനെതിരെ വീണ്ടും പരാതി. ഓൺക്ലാസ് ക്ലാസുകളിൽ അശ്ലീല പരമാർശം നടത്തുന്നുവെന്നാണ് ആരോപണം. എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനലിനെതിരെ വിദ്യാർത്ഥി സംഘടനയായ AIYF ആണ് പരാതി നൽകിയിരിക്കുന്നത്.
എം എസ് സൊല്യൂഷന്റെ ക്ലാസുകളിൽ ദ്വയാർത്ഥ പ്രയോഗങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് നൽകുന്ന ഓൺലൈൻ ക്ലാസുകളിലാണ് കൂടുതലായും ഇത്തരത്തിലുള്ള പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
അതേസമയം ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിലും യൂട്യൂബ് ചാനലിനെതിരെ അന്വേഷണം തുടരുകയാണ്. ചോദ്യപേപ്പർ ചോർത്തിയെന്ന് നിഷേധിക്കാൻ ചാനൽ അധികൃതർ തയ്യാറായിട്ടില്ല. എന്നാൽ ചാനലിന്റെ വളർച്ച തടസപ്പെടുത്താൻ ആഗ്രഹിക്കുന്നവരാണ് ഇത്തരത്തിൽ പരാതി ഉന്നയിക്കുന്നതെന്നാണ് ചാനലിന്റെ വാദം.
നിലവിൽ സ്ഥാപനത്തിന്റെ കൊടുവള്ളിയിലെ ഓഫീസ് അടച്ചിരിക്കുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് സ്ഥാപനത്തിന്റെ സിഇഒ ഷുഹൈബ് പറഞ്ഞിരുന്നെങ്കിലും ഇന്നലെ മുതൽ അദ്ദേഹം ഒളിവിലാണെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് ഓൺലൈൻ ക്ലാസിലെ അശ്ലീല പരമാർശത്തിനെതിരെയും പരാതി ഉയരുന്നത്.















