ഡെറാഡൂൺ: കൃത്യമായ ആധികാരിക തെളിവുകളുടെ പിൻബലമുള്ളതാണ് ഇന്ത്യയുടെ പരമ്പരാഗത ആയുർശാസ്ത്രമെന്ന് പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ആധികാരികമായ തെളിവില്ലാത്തതിനാൽ ആയുർവേദം ശാസ്ത്രീയമല്ലെന്ന മിഥ്യാധാരണ മറികടക്കാനുളള മാർഗമാണ് തെളിവ് അടിസ്ഥാനപ്പെടുത്തിയുള്ള ചികിത്സാ സംവിധാനമെന്ന് പാനലിസ്റ്റുകൾ എടുത്തുപറഞ്ഞു. പരമ്പരാഗത ഇന്ത്യൻ ചികിത്സാ സമ്പ്രദായത്തിന്റെ മേലുള്ള ഇത്തരം തെറ്റിദ്ധാരണകൾ വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിന്റെ സ്വീകാര്യതയ്‌ക്ക് മങ്ങലേൽപ്പിക്കുന്ന സാഹചര്യത്തിൽ ഈ വിലയിരുത്തലിന് വലിയ പ്രാധാന്യമുണ്ട്.
പുതിയ മരുന്നുകളിലും ചികിത്സകളിലും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തി ആയുർവേദം ആധികാരികമെന്ന് തെളിയിക്കാമെന്നും അതിന്റെ ഫലങ്ങൾ മേഖലയുമായി ബന്ധപ്പെട്ട ജേണലുകളിലും പോർട്ടലുകളിലും പ്രസിദ്ധീകരിച്ച് ആയുർവേദ പങ്കാളികളിലേയ്‌ക്ക് എത്തിക്കാനാകുമെന്ന നിർദേശവും പാനലിസ്റ്റുകൾ മുന്നോട്ട് വച്ചു. ആയുർവേദ ഡോക്ടർമാർ തങ്ങളുടെ ഡോക്യുമെന്റേഷൻ കഴിവുകൾ മെച്ചപ്പെടുത്തണമെന്നും ആയുർവേദ ക്ലിനിക്കൽ ഇ-ലേണിംഗ് (ആയുർസെൽ) പോലുള്ള വെബ് പ്ലാറ്റ്ഫോമുകളിൽ കേസ് സ്റ്റഡീസ് അപ്ലോഡ് ചെയ്യാൻ പരിശ്രമിക്കണമെന്നും അഭിപ്രായമുയർന്നു.
കഴിഞ്ഞ 40 വർഷത്തിനിടയിൽ 300 ആയുർവേദ അന്വേഷണ പഠനങ്ങൾ രേഖപ്പെടുത്തിയപ്പോൾ, കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ മാത്രം 100 ലധികം പഠനങ്ങൾ ആയുർസെല്ലിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ശുഭസൂചനയാണെന്നും അഭിപ്രായമുയർന്നു. ആശയങ്ങൾക്ക് തെളിച്ചമുണ്ടാകുന്നതിന് ആധികാരിക തെളിവുകൾ ആവശ്യമാണെന്ന് സാവിത്രിഭായ് ഫുലെ പൂനൈ യൂണിവേഴ്സിറ്റിയിലെ ഡോ. ഗിരീഷ് ടില്ലു ചൂണ്ടിക്കാട്ടി. കൃത്യമായ തെളിവുകൾ അടിസ്ഥാനമാക്കിയുള്ളത് എപ്പോഴും യുക്തിസഹമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലത്തിനനുസരിച്ച് തെളിവുകൾക്കും മാറ്റമുണ്ടാകുമെന്ന് കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പറഞ്ഞു. എക്സ്-റേ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. രോഗനിർണയത്തിന് ആന്തരിക അവയവങ്ങൾ പരിശോധിക്കാൻ എക്സ്-റേ വ്യാപകമായി ഉപയോഗിച്ചിരുന്നെന്നും എന്നാൽ എക്സ്-റേ ക്യാൻസറിന് കാരണമാകുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതിനാൽ നിലിവിൽ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദം വിശ്വാസത്തിൽ അധിഷ്ഠിതമായതല്ലെന്നും വർഷങ്ങളുടെ പരിശീലനത്തിലൂടെ ആർജ്ജിച്ചെടുത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് വർഷങ്ങളായിട്ടും അത് നിലനിൽക്കുന്നുവെന്നത് തന്നെ മികച്ച തെളിവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസ് സ്റ്റഡികൾ രേഖപ്പെടുത്തുന്ന ശീലം വളർത്തിയെടുക്കാൻ അദ്ദേഹം ഡോക്ടർമാരോട് ആവശ്യപ്പെട്ടു. നിങ്ങളത് രേഖപ്പെടുത്താത്ത പക്ഷം അത് നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ആയുർവേദം എപ്പോഴും ആധികാരിക തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണെന്ന് പറഞ്ഞ ലക്നൗ യൂണിവേഴ്സിറ്റിയിലെ ആയുർവേദ ഫാക്കൽറ്റിയായ ഡോക്ടർ സഞ്ജീവ് റസ്തോഗി പാരമ്പര്യ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന തെളിവുകളും ക്ലിനിക്കൽ പരിശീലനത്തിലൂടെ ഡോക്ടർ വ്യക്തിപരമായി ആർജ്ജിച്ച അനുഭവങ്ങളുമാണ് ആയുർവേദ ചികിത്സയെ മുന്നോട്ട് നയിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.
ചികിത്സാ രീതികൾ ആധികാരികത അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് ആയുഷ് മന്ത്രാലയത്തിലെ പ്രൊഫസർ ഡോ. ഭൂഷൺ പട്വർധൻ പറഞ്ഞു. ഏത് ചികിത്സാ രീതികളും തെളിവുകളിൽ അധിഷ്ഠിതമായിരിക്കണം. എന്തുകൊണ്ടാണ് ഒരു ചികിത്സ വിജയിച്ചതെന്ന് നിങ്ങൾക്ക് വിശദീകരിക്കാൻ കഴിയുന്നില്ലെങ്കിൽ അത് യാദ്യച്ഛികമായി സംഭവിച്ചതായി കണക്കാക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ കാഴ്ചപ്പാടിൽ നിന്ന് തെളിവുകൾ അടിസ്ഥാനമാക്കിയുള്ള വഴിയിലേയ്‌ക്ക് പോകുമ്പോഴുളള വെല്ലുവിളികൾ ഹിമാലയ വെൽനെസ് കമ്പനിയിലെ റിസർച്ച് ഡെവലപ്‌മെന്റ് വിഭാഗം ഡയറക്ടർ ഡോ. ബാബു യു.വി ചൂണ്ടിക്കാട്ടി. ഭൂമിശാസ്ത്രം, കാലാവസ്ഥ, കാർഷിക രീതികൾ എന്നിവ കാരണം ഔഷധസസ്യങ്ങൾ പോലുള്ള ചേരുവകളുടെ തോതിൽ മാറ്റം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ സ്ഥിരമായ ഉത്പന്ന ഗുണനിലവാരം ഉറപ്പാക്കൽ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഉത്പന്നം വികസിപ്പിച്ചെടുത്താൽ അത് പലഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് വിധേയമായാണ് സ്ഥിരീകരണം നേടി വാണിജ്യപരമായ വിൽപനയ്‌ക്ക് തയ്യാറാകുന്നത്. തെളിവുകൾ സ്ഥാപിക്കുകയും ആ തെളിവുകൾ ശരിയാണെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആയുർവേദ ഡോക്ടർമാർ, അക്കാദമിക് വിദഗ്ധർ, വ്യവസായ പ്രതിനിധികൾ എന്നിവരടങ്ങുന്ന പാനലായിരുന്നു വിഷയം ചർച്ച ചെയ്തത്.