കൊൽക്കത്ത: ഇന്ത്യയും ബംഗ്ലാദേശും 1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധവിജയത്തിന്റെ 53-ാം വാർഷികം ആഘോഷിക്കുമ്പോൾ, വിജയ് ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എട്ട് മുക്തിജോദ്ധകൾ (സ്വാതന്ത്ര്യ സമര സേനാനികൾ) ഇന്ന് രാവിലെ കൊൽക്കത്തയിലെത്തി. അതെ സമയം തന്നെ , ബംഗ്ലാദേശിലെ വിജയദിന പരിപാടികളിൽ ചേരാൻ എട്ട് ഇന്ത്യൻ യുദ്ധവീരന്മാരും രണ്ട് ഇന്ത്യൻ സായുധസേനാ ഉദ്യോഗസ്ഥരും ധാക്കയിലേക്ക് പോയിട്ടുണ്ട്.
ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായി ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെത്തുടർന്ന് നയതന്ത്ര അന്തരീക്ഷം വഷളായ സമയത്താണ് ഈ നീക്കം എന്നത് ശ്രദ്ധേയമാണ്. ഈ യുദ്ധവിജയ ദിവസത്തെ അനുസ്മരിക്കാൻ എല്ലാ വർഷവും യുദ്ധവീരന്മാരായ സൈനികരെയും ഉദ്യോഗസ്ഥരെയും കൈമാറുന്ന പാരമ്പര്യം ഉണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ ആ പതിവ് ഉണ്ടാകുമോ എന്ന അനിശ്ചിതത്വത്തിന് ഇപ്പോൾ വിരാമമായി.
കൊൽക്കത്തയിലെയും ധാക്കയിലെയും ആഘോഷങ്ങളിൽ ഇരു രാജ്യങ്ങളിലെയും സൈനികരും രാഷ്‌ട്രീയ നേതൃത്വവും പങ്കെടുക്കും. കൊൽക്കത്തയിൽ, ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡ് ആസ്ഥാനമായ ഫോർട്ട് വില്യത്തിലാണ് പരിപാടി നടക്കുന്നത്. യുദ്ധത്തിലെ രക്തസാക്ഷികളെ ആദരിക്കുന്നതിനായി വിക്ടറി മെമ്മോറിയലിൽ ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങും ഉണ്ടാകും. കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും മുഖ്യമന്ത്രി മമത ബാനർജിയും ആഘോഷത്തിൽ പങ്കെടുക്കും.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി കൂടിയാലോചനകൾക്കായി ഡിസംബർ 9 ന് നടത്തിയ ഏകദിന ധാക്ക സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളിലെ പിരിമുറുക്കം ഭാഗികമായി ലഘൂകരിച്ചിട്ടുണ്ട്.