ന്യൂഡൽഹി: 1971- ലെ യുദ്ധത്തിൽ പാകിസ്താനെതിരെ ഇന്ത്യൻസേന നേടിയ വിജയത്തിന്റെ ബഹുമാനാർത്ഥം ആചരിക്കുന്ന വിജയ് ദിവസിൽ, ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, വ്യോമസേന മേധാവി മാർഷൽ വി ആർ ചൗധരി എന്നിവരോടൊപ്പമാണ് രാജ്നാഥ് സിംഗ് പുഷ്പചക്രം അർപ്പിക്കാനെത്തിയത്. യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരെ ആത്മാഭിമാനത്തോടെ ഓർമിക്കുന്ന ദിവസം കൂടിയാണ് രാജ്യം വിജയ് ദിവസായി ആചരിക്കുന്നത്.
വിജയ് ദിവസിനോടനുബന്ധിച്ച് ഇന്ത്യൻ കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് സായുധസേനയോടൊപ്പം കൊൽക്കത്തയിലെ വിജയ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഡിസംബർ മൂന്നിന് തുടങ്ങി, 13 ദിവസം നീണ്ടുനിന്ന യുദ്ധത്തിന്റെ അവസാന ദിവസമായ 16-ന് പാകിസ്താൻ സൈന്യത്തിലെ 93,000 സൈനികരാണ് ഇന്ത്യയുടെ സൈനിക ശക്തിയ്‌ക്ക് മുന്നിൽ കീഴടങ്ങിയത്.
ഇന്ത്യൻ സൈന്യത്തിന്റെ ധീര പോരാട്ടത്തെ കുറിച്ച് ഓർമപ്പെടുത്തുന്ന വിജയ് ദിവസിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്മരണാഞ്ജലി അർപ്പിച്ചു. 1971-ലെ ഇന്ത്യയുടെ ചരിത്രവിജയത്തിന് നിസ്വാർത്ഥമായി പോരാടിയ സൈനികരെ ആദരിക്കുന്നുവെന്നും അവരുടെ ത്യാഗങ്ങൾ വരും തലമുറകളെ എന്നും പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.