ഭാരതം ‘വിജയ് ദിവസ്’ ആചരിക്കുന്ന വേളയിൽ പാർലമെന്റിൽ പലസ്തീൻ അനുകൂല തണ്ണിമത്തൻ ചിത്രമുള്ള ബാഗുമായി വയനാട് എംപി പ്രിയങ്ക വാദ്ര. പലസ്തീൻ എന്ന് എഴുതിയ ബാഗിൽ മുറിച്ച തണ്ണിമത്തന്റെ ചിത്രമുണ്ട്. കൂടാതെ പലസ്തീൻ സ്വതന്ത്രമാകുമെന്നും എഴുതിയിട്ടുണ്ട്. കോൺഗ്രസ് വക്താവ് ഷമ മുഹമ്മദമാണ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രിയങ്കാജിയുടെ പ്രത്യേക ബാഗ്” എന്നാണ് ഷമയുടെ പോസ്റ്റ്.
തണ്ണിമത്തൻ ബാഗുമായി നിൽക്കുന്ന പ്രിയങ്കയുടെ ചിത്രത്തിന് താഴെ പരിഹാസവും വിമർശനവും ഉയരുന്നുണ്ട്. വിജയ് ദിവസിൽ ഹമാസ് പോലൊരു ഭീകര സംഘടനയെ പിന്തുണയ്‌ക്കുന്നത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവരമാണ് കൂടുതലും. ഇന്ത്യയുടെ വിജയത്തെ സൂചിപ്പിക്കുന്ന ബാഗായിരുന്നു പ്രിയങ്ക ഇന്ന് തെരഞ്ഞെടുക്കേണ്ടത്, ഉപദേശകരെ പുറത്താക്കേണ്ട സമയം അതിക്രമിച്ചു തുടങ്ങിയ കമന്റുകളും കൂട്ടത്തിലുണ്ട്.
വയനാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ന്യൂഡൽഹിയിലെ പലസ്തീൻ എംബസിയുടെ ചുമതലയുള്ള അബേദ് എൽറാസെഗ് അബു ജാസർ പ്രിയങ്ക വീട്ടിൽ ചെന്ന് അഭിനന്ദിച്ചിരുന്നു. അന്ന് അബേദ് എൽറാസെഗുമായി കൂടിക്കാഴ്ചയിൽ കഫിയായും പ്രിയങ്ക ധരിച്ചിരുന്നു.
പ്രിയങ്കയുടെ ‘നിലപാട്’ ബാഗിനെ പരിഹസിച്ച് ബിജെപി എംപിമാർ രംഗത്ത് വന്നു. വാർത്തകളിൽ കയറിപ്പറ്റാനുള്ള അടവാണെന്നും ജനങ്ങൾ കൈയ്യോഴിയുമ്പോൾ ഇത്തരം പരിപാടിയിലേക്ക് തിരിയുമെന്നും,” ബിജെപിയുടെ രാജ്യസഭാ എംപി ഗുലാം അലി ഖതാന പറഞ്ഞു