എറണാകുളം: നെടുമ്പാശേരിയിൽ വൻ ലഹരിവേട്ട. നാലേകാൽ കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. മലപ്പുറം സ്വദേശി ആമിൽ അസാദിന്റെ പക്കൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇന്ന് വൈകിട്ടായിരുന്നു സംഭവം.
ബാങ്കോക്കിൽ നിന്നാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. സാധാരണ കഞ്ചാവിനേക്കാൾ വീര്യം കൂടിയ ലഹരി വസ്തുവാണ് ഹൈബ്രിഡ് കഞ്ചാവ്. സിന്തറ്റിക് ലഹരിക്ക് സമാനമായ പദാർത്ഥമായതിനാൽ വിപണിയിൽ വൻവിലയാണ് ഇതിന് ലഭിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.
14.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ആമിലിൽ നിന്നും പിടികൂടിയത്. ഇയാൾ ലഹരി കടത്ത് സംഘത്തിലെ ഇടനിലക്കാരനാണെന്നാണ് വിവരം. ഒരു ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്താണ് ഇയാൾ കഞ്ചാവ് കടത്തിനെത്തിയതെന്നാണ് പ്രാഥമിക നിഗമനം. കിഴക്കേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതലായും ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്.
ഗ്രാമിന് ഏഴായിരം രൂപ മുതൽ ഈടാക്കുന്ന വിവിധ ഹൈബ്രിഡ് കഞ്ചാവുകൾ തായ്‌വാൻ, ചൈന പോലുള്ള രാജ്യങ്ങളിൽ സുലഭമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പിടിക്കപ്പെട്ട യുവാവിന് പിന്നിൽ പ്രവർത്തിക്കുന്ന ലഹരി മാഫിയകൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.















