നേരമില്ലാത്ത നേരത്ത് പെട്ടെന്ന് പാചകം ചെയ്യാനും വേവിക്കാനുമായി ഗ്യാസിലെ ഫ്ലെയിം കൂട്ടി വയ്‌ക്കുന്നവരാണ് മിക്കവരും. മൊരിച്ച് കരിയിച്ച് എടുക്കാനും അല്ലെങ്കിൽ പ്രത്യേക രുചിയും ഘടനയും കിട്ടാനും ഇത്തരത്തിൽ തീ കൂട്ടി വയ്‌ക്കാറുണ്ട്. ആധുനിക പാചകരീതികളിൽ ഉയർന്ന തീയിൽ കരിയിച്ചുള്ള ഭക്ഷണങ്ങളോടും പ്രിയമുള്ളവർ ഏറെയാണ്. എന്നാൽ ഇങ്ങനെ കരിച്ചുള്ള ആഹാരം ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഉയർന്ന തീയിൽ ആഹാരം പാകം ചെയ്താലുള്ള അഞ്ച് പ്രശ്നങ്ങളെ കുറിച്ചറിയാം…
ഹാനികരമായ രാസവസ്തുക്കൾ ഉത്പാദിപ്പിക്കപ്പെടാനുള്ള സാധ്യതയാണ് പ്രധാനം. ഉയർന്ന തീയിൽ പാകം ചെയ്യുമ്പോൾ കാൻസറിന് കാരണമാകുന്ന കാർസിനോജനുകൾ ഉത്പാദിപ്പിക്കപ്പെടാൻ കാരണമാകും. അന്നജം കൂടുതൽ അടങ്ങിയിട്ടുള്ള ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവയൊക്കെ ഉയർന്ന താപനിലയിൽ പാകം ചെയ്യുമ്പോൾ ഇത് സംഭവിക്കാം.
പ്രമേഹം, ഹൃദ്രോഗം, അൽഷിമേഴ്സ് തുടങ്ങി രോഗങ്ങളിലേക്ക് നയിക്കുന്ന ഹാനികരമായ വസ്തുക്കളുടെ ഉത്പാദനവും ഉയർന്ന താപനിലയിലുള്ള പാചകം കാരണമാകും. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രോഡക്‌ട്‌സ് അല്ലെങ്കിൽ AGEs എന്ന ഹാനികരമായ പദാർത്ഥമാണ് രൂപപ്പെടുക. പ്രോട്ടീനോ കൊഴുപ്പോ കൂടുതലുള്ള ഭക്ഷണങ്ങൾ ഗ്രില്ല് ചെയ്യുമ്പോഴും വറുക്കുമ്പോഴുമൊക്കെയാണ് ഇത് സാധാരണയായി രൂപപ്പെടുന്നത്. ശരീരത്തിൽ വീക്കമുണ്ടാക്കാൻ ഇത് കാരണമാകും.
ഭക്ഷണത്തിൽ നിന്ന് ലഭിക്കേണ്ട പോഷകങ്ങളും ധാതുക്കളുമൊക്കെ നഷ്ടപ്പെടാനും ഈ കരിച്ചുള്ള പാചകം കാരണമാകും. വിറ്റാമിൻ സി, ബി1, ബി5, ഫോളേറ്റ് തുടങ്ങിയവയാണ് ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ നഷ്ടപ്പെടുന്ന വിറ്റാമിനുകൾ. ഇവ നഷ്ടമായതിന് ശേഷം ആഹാരം കഴിക്കുന്നത് കൊണ്ട് അർത്ഥമില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചൂട് കൂട്ടിയും കുറച്ചും ബാലൻസ് ചെയ്ത് പാകം ചെയ്യുന്നതാകും ഉചിതം.
കൂടുതൽ പാകം ചെയ്താൽ ഭക്ഷണം തന്നെ വിഷമായി മാറുന്നുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ ഹാനികരമായ സംയുക്തങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഹെറ്ററോസൈക്ലിക് അമിനുകളും (HCAs) പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) തുടങ്ങിയവ ഉദാഹരണം ഇവ രണ്ടും കാൻസർ സാധ്യത വർദ്ധിപ്പിക്കും. വലിയ അളവിൽ ഗ്രിൽ ചെയ്ത മത്സ്യമോ വറുത്ത മാംസമോ കഴിക്കുമ്പോൾ ഇക്കാര്യം ഓർത്താൽ നന്ന്.
ഉയർന്ന ചൂടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ബാക്ടീരികകൾക്ക് വളരാനാകുമെന്ന് പറഞ്ഞാലോ? ചൂടിൽ ജീവിക്കുന്ന ബാക്ടീരിയകൾക്ക് വളരാനുള്ള വിളനിലമാകുമിതെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ബാക്ടീരിയകൾ ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുകയും വിഷബാധയ്‌ക്ക് കാരണമാവുകയും ചെയ്യും. മാംസം പാകം ചെയ്യുമ്പോഴാണ് ഇത് പ്രധാനമായും സംഭവിക്കുന്നത്. ഇ-കോളി, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ മാംസത്തിലടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ഉയർന്ന ചൂടിൽ പാകം ചെയ്യുന്നവ കഴിക്കുന്നത് കഴിവതും കുറയ്‌ക്കാൻ ശ്രമിക്കുക. പകരം പോഷക സമ്പന്നമായ ആഹാരം ശീലമാക്കാം..