ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതത്തെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് 18 കാരൻ ഗുകേഷ് ദൊമ്മരാജു. ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന പദവിയും സ്വന്തമാക്കി.
ഇതിനുപിന്നാലെ ചതുരംഗക്കളിയിലെ ഒന്നാം നമ്പർ മാഗ്നസ് കാൾസനുമായി മത്സരിക്കണമെന്നായിരുന്നു ഗുകേഷിന്റെ വാക്കുകൾ. എന്നാൽ ഇതിനെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മാഗ്നസ് കാൾസൺ.
പ്രോത്സാഹനമില്ലാത്തതിനാൽ 2022ൽ താൻ ഇത് നിർത്തിയതാണെന്നും ‘ ഇനി ഈ സർക്കസിന്’ ഇല്ലെന്നുമായിരുന്നു മാഗ്നസിന്റെ വാക്കുകൾ. ഇനിയൊരു മത്സരത്തിനില്ലെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും മാഗ്നസ് പറഞ്ഞു. ഗുകേഷിനെ കുറിച്ചും അദ്ദേഹത്തിന്റെ മത്സത്തെ കുറിച്ചും സംസാരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുകേഷിന്റെ വിജയത്തിന് മാഗ്നസ് കാൾസൺ ആംശസകൾ അറിയിച്ചങ്കിലും ഇതിനൊപ്പം വിമർശനങ്ങളും ഉന്നയിച്ചിരുന്നു. സാധാരണ ഒരു ഓപ്പൺ ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിലോ മൂന്നാം റൗണ്ടിലോ കാണുന്ന മത്സരങ്ങളുടെ നിലവാരം മാത്രമേ ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് ഉണ്ടായിരുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.
വിജയിക്കാൻ വേണ്ടി ഗുകേഷ് കളിക്കളത്തിൽ പോരാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ആദ്യം Fide സർക്യൂട്ടിൽ താഴ്ന്നനിലയിലായിരുന്നുവെങ്കിലും പിന്നീട് ടൂർണമെന്റ് തിരിച്ചുപിടിക്കാൻ ഗുകേഷിനായെന്നും മത്സരം വിലയിരുത്തിയ ശേഷം മാഗ്നസ് വ്യക്തമാക്കിയിരുന്നു.